Asianet News MalayalamAsianet News Malayalam

ഇടുക്കീലെ മഴയാണ് മഴ!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • സ്മിത അജു എഴുതുന്നു

 

rain notes Smitha AJu

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Smitha AJu

മഴയെ പറ്റി ആരൊക്കെ എത്രയൊക്കെ വാചാലരായാലും ഞാന്‍ അവരോടൊക്കെ മൗനമായി പറയാറുണ്ട്, ഇടുക്കിയിലെ മഴയോളം വരില്ല മറ്റേതൊരു മഴയും എന്ന്. ഒരോ മഴയൊരുക്കങ്ങളും മാനത്തു മാത്രമല്ല ഓരോ ഇടുക്കിക്കാരന്റെയും മനസിലും കൂടിയാണ് ഇരുണ്ട് കൂടുന്നതെന്ന്.

അന്നൊക്കെ ഇടുക്കിക്കാര്‍ക്ക് മഴയെന്നാല്‍ ദാരിദ്ര്യവും, കഷ്ടപ്പാടും, ഉരുള്‍പൊട്ടലും ചോര്‍ന്നൊലിക്കുന്ന കൂരയും മലമ്പനിയും മരണവും ഒക്കെയായിരുന്നു. എങ്കിലും അവര്‍ മഴയെ സ്‌നേഹിച്ചു കൊണ്ടേയിരിക്കും.

മഴ പലവിധത്തില്‍ പെയ്യും. നൂല് പോലെ ചാഞ്ഞ് കുസൃതി ചിതറി, ചിലപ്പോള്‍ ആര്‍ത്തലച്ച്, ചിലപ്പോഴിടക്കിടയ്ക്ക് വന്ന് നോക്കി, ഇടയ്ക്ക് ഒന്ന് പുതുമണ്ണിനെ നനയിച്ച്. മൊട്ടക്കുന്നുകളില്‍ പെയ്തിറങ്ങുന്ന ചാറ്റലുകള്‍ക്ക് എത്ര പ്രണയാതുരമായ ഓര്‍മ്മകളുണ്ടാവും... മഴയ്ക്ക് ശേഷമുള്ള കോടമഞ്ഞു പെയ്യുന്ന മല നിരകള്‍. വീടിന്റെ മുന്നില്‍ നിന്ന് നോക്കിയാല്‍ കാണാം പച്ച വിരിച്ച കോടയിറങ്ങുന്ന ഒരു മൊട്ടക്കുന്ന്. അവിടെ പുല്‍നാമ്പുകളില്‍ മഞ്ഞിന്‍കണങ്ങള്‍ കവിത പോലെ പറ്റിപ്പിടിച്ച ഇടുക്കിയെ കാണാം.

എന്റെ മഴയോര്‍മ്മകളെന്നാല്‍ കുട്ടിക്കാലത്തെ നനവുകളുടെ തണുത്ത നിനവുകള്‍ കൂടിയാണ്.

അന്നൊക്കെ പോളിസ്റ്റര്‍ കുടയ്ക്ക് പൈസ കൂടുതലാണ്. അതുകൊണ്ട് എന്റെ ചേച്ചിക്ക് മാത്രം അവകാശപ്പെട്ടതാണത്. എനിക്കും അനിയത്തിക്കും ശീട്ടി തുണി കൊണ്ടുള്ള കുടയാണ്. മഴ പെയ്താല്‍ വെള്ളം ചേര്‍ന്നൊട്ടുന്ന കുട. മിനിട്ടിടവിട്ട് ഇറ്റ് വീഴുന്ന തണുത്ത തുള്ളികള്‍ കുറച്ചൊന്നുമല്ല ഞങ്ങളെ വിഷമിപ്പിച്ചിട്ടുള്ളത്. സ്‌കൂളിലേക്ക് കുറച്ചു ദൂരം അധികം നടക്കണം. അന്നൊക്കെ പാടവരമ്പത്തു കൂടിയാണ് പാതിയിലധികം യാത്ര. അതിനപ്പുറം ഒരു ചെറിയ തോട്, തോട് മുറിച്ചു കടന്നാല്‍ ഒരു ചെറിയ കയറ്റം, അവിടെയാണ് പള്ളീടെ ശവപ്പറമ്പ്, അതിനപ്പുറം അനാഥാലയം (ഒരു ഏപ്രില്‍ ഒന്നിന് ആ അനാഥാലയത്തിന്റെ ഇടനാഴിയിലെ കഴുക്കോലിലാണ് ആനിക്കലെ ജോസ് ചേട്ടന്‍ തൂങ്ങി ആടുന്നത് കണ്ടത് ). പിന്നെയും പല കയറ്റവും ഇറക്കവും കഴിഞ്ഞാണ് സ്‌കൂളിലെത്തുക. സ്‌കൂള്‍ വിട്ടുകഴിഞ്ഞാലും കൂട്ടുകാരുടെ ഒപ്പം പപ്പിനിമേട്ടില്‍ (എന്റെ  കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മകള്‍ക്ക് ആ പേരാണ്) കളിക്കുക എന്നതാണ് സ്‌കൂളില്‍ പോകുന്നതിന്റെ ഏറ്റവും വല്യ ലക്ഷ്യം.

ഒരു ദിവസം കളിച്ചു മദിച്ച ആനന്ദത്തെ കട്ടെടുക്കാന്‍ ആര്‍ത്തിരമ്പി ഒരു പെരുമഴ കയറിവന്നു. ആ മഴയത്ത് ഈ കണ്ട വഴിയൊക്കെ എനിക്ക് കൂട്ട് നടക്കാന്‍ ചീവീടിന്റെ മൂളലും പിന്നെ, എന്റെയാ ശീട്ടി കുടയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ചു വരുന്ന വഴിയില്‍ ആ പെരുമഴയില്‍ കയറു പൊട്ടിച്ച് എന്റെ പിന്നാലെ വന്ന ഒരു എരുമ. ഞാന്‍ ഭയന്ന് ജീവനും കൊണ്ട് ഓടി നേരെ ചെന്ന് വീണത് സെമിത്തേരിയുടെ അടുത്ത് കൂടി ഒഴുകുന്ന തോട്ടില്‍. എന്റെ കുട ഒടിഞ്ഞു. കാലിലെല്ലാം പരുക്കുകളുമായി അന്ന് വീട്ടിലെത്തിയ വലിയ ഒരു മഴയോര്‍മ്മ മുട്ടിന് താഴെ തിണര്‍ത്ത് കിടപ്പുണ്ടിന്നും.!

എങ്കിലും ഇന്നെനിക്കോര്‍ക്കുമ്പോള്‍ സന്തോഷം തരുന്നത് അന്നൊക്കെ നമ്മളെ പേടിപ്പിക്കാന്‍, ഉപദ്രവിക്കാന്‍ കാളയും എരുമയും പട്ടിയുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് നമുക്ക് നേരെ ചാടി വീഴുന്ന മനുഷ്യചെന്നായ്ക്കള്‍ അന്ന് തീരെ അപരിചിതമായിരുന്നു.

പിന്നെയുള്ള ഏറ്റവും വലിയ മഴയോര്‍മ്മയാണ് സ്‌കൂളിനടുത്തുള്ള ഒരു ചെറിയ തോട്ടിറമ്പില്‍ ഉച്ചയൂണിനു കൂട്ടുകാരോടൊപ്പം പോകുന്നത്. മഴക്കാലമായാല്‍ മാത്രേ അവിടെ പോകൂ. അപ്പോഴേ തോട് നിറഞ്ഞൊഴുകൂ. അവിടെ ആ പുല്ലുകളിലൊക്കെ കണ്ണില്‍ തുള്ളികളുണ്ടാവും. (ഞങ്ങള്‍ അങ്ങിനെയാണ് അന്നൊക്കെ പറഞ്ഞിരുന്നത്. പണ്ടത്തെ മഴതുള്ളി കമ്മലില്ലേ അതുപോലിരിക്കും) അത് തിരിച്ചു വരുമ്പോള്‍ കയ്യില്‍ കുറെ ശേഖരിച്ചിട്ടുണ്ടാവും. നല്ല തണുപ്പാണ് അതിന്. അതും കണ്ണിലെഴുതിയാണ് സ്‌കൂളിലേക്കുള്ള മടക്കയാത്ര.

സ്‌കൂളിനടുത്തു തന്നെ (അന്നൊക്കെ അടുത്ത് എന്ന് പറയുമെങ്കിലും ചിലപ്പോള്‍ നമ്മള്‍ ഒരു അര ഫര്‍ലോങ്ങ് എങ്കിലും നടന്നിട്ടുണ്ടാവും) ഒരു പാറമടയുടെ താഴെ ഒരു കൊച്ചു കിണറുണ്ടായിരുന്നു. ആ കിണറിനു ചുറ്റും പൂച്ചക്കുട്ടി ചെടികളാണ്. അതില്‍ നിറച്ചു പൂച്ചക്കുട്ടി മുത്തുകളുണ്ടാവും. ഉച്ചയൂണ് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ചോറ്റു പാത്രത്തില്‍ ഈ മുത്തുകളുണ്ടാവും മാല കോര്‍ക്കാന്‍. കുട്ടികാലത്തെ ഓര്‍മകളില്‍ എന്നുമൊരു നഷ്ടമായി ഞാന്‍ ഈ പൂച്ചക്കുട്ടി മുത്തിനെ ഓര്‍ക്കും. വലുതായതിനു ശേഷം ഒരിക്കല്‍ പോലും ഞാനതൊന്നും കണ്ടിട്ടില്ല.

അന്നൊക്കെ ഒരു സാധാരണ ഇടുക്കിക്കാരന് അപ്രാപ്യമായ ഒന്നാണ് ഒരു നല്ല കമ്പിളിപ്പുതപ്പ്. കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറച്ചു കിടക്കുമ്പോള്‍ ഞങ്ങളുടെ വല്യ സ്വപ്നമായിരുന്നു ഒരു കമ്പിളിപ്പുതപ്പ്. അന്നൊക്കെ തണുപ്പുകാരണം കാലുകള്‍ എത്ര രാത്രിയായാലും പുതപ്പിനടിയില്‍ തണുത്തു മരവിച്ചിരിക്കും. അതില്‍ നിന്നും രക്ഷ നേടാന്‍ ഞാനും അനിയത്തിയും ചില്ലുകുപ്പിയില്‍ ചൂട് വെള്ളം നിറച്ച് അതില്‍ കാലു വെച്ച് ഉറങ്ങുമായിരുന്നു. ചില ദിവസങ്ങളില്‍ ഈ കുപ്പി സിമന്റ് തറയില്‍ വീണു പൊട്ടും. നമ്മളതൊന്നും അറിയാറേ ഇല്ല. രാവിലെ അമ്മയുടെ അടിയുടെ ചൂടായിരിക്കും ഇതൊക്കെ അറിയിക്കുക.
മഴക്കാലമായാല്‍ രാവിലെ പച്ച വെള്ളം കൈ കൊണ്ട് ഒന്ന് തൊടാന്‍ പോലും പറ്റില്ല, കൈകള്‍ മരവിച്ചു പോകും.

കാലമിത്ര കടന്നു പോയിട്ടും, പല നാട്ടിലെ മഴ കണ്ടിട്ടും എനിക്ക് പറയാന്‍ ഒന്നേയുള്ളു. മഴയെന്നാല്‍ അത് എന്റെ ഇടുക്കിയിലെ മഴയാണ്, ആ മഴ പെയ്യുന്നതു മണ്ണില്‍ മാത്രമല്ല നമ്മളോരോ ഇടുക്കിക്കാരുടെയും മനസിലും കൂടിയാണ്, അവരുടേതൊരിക്കലും മറ്റൊരു ദേശക്കാരോടും തോല്‍ക്കാത്ത മഴയോര്‍മ്മകളാണ്!

തണുവോര്‍മ്മകള്‍, 
ശീട്ടി കുടയും പൊട്ടിയ സ്ലേറ്റും,
പാടവരമ്പിലെ ചെളിയും,
ചൂളം കുത്തിയ കാറ്റിലെ, 
മഞ്ഞുമെന്‍ മഴയോര്‍മ്മയും,
എത്ര കളിവട്ടങ്ങള്‍,
ഓണക്കളങ്ങള്‍,
ദൂരമളക്കാത്ത ദൂരമാണെങ്കിലും,
കൊരുത്തു കിടപ്പതാണ്,
ഓര്‍മ്മകള്‍ അടയിരിക്കുന്ന,
ചരുവിലായ്...

 

ഇനിയും തോരാത്ത മഴകള്‍

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല
 

Follow Us:
Download App:
  • android
  • ios