
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഉപയോഗിയ്ക്കുന്ന ചെരുപ്പിൽ നിന്നുള്ള അസഹനീയമായ രൂക്ഷഗന്ധം. എന്നാൽ ഈ രൂക്ഷഗന്ധം ഇന്ന് രണ്ട് ഇന്ത്യൻ ഗവേഷകരെ എത്തിച്ചിരിയ്ക്കുന്നത് ഇഗ് നോബേൽ സമ്മാന വേദിയിലാണ്. ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും, പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന അസാധാരണവും ഭാവനാത്മകവുമായ 10 ഗവേഷണങ്ങൾക്കാണ് ഓരോ വർഷവും ഈ പുരസ്കാരം ലഭിയ്ക്കുന്നത്. ഉപയോഗിച്ച ചെരുപ്പുകളിൽ നിന്നും വമിയ്ക്കുന്ന ദുർഗന്ധത്തെക്കുറിച്ച് ശിവ് നാടാർ യൂണിവേഴ്സിറ്റിയിലെ ഡിസൈൻ അസിസ്റ്റന്റ് പ്രൊഫസറായ വികാസ് കുമാറും മുൻ ബിരുദ വിദ്യാർത്ഥിയായിരുന്ന സാർഥക് മിത്തലുമാണ് ശാസ്ത്രീയ പഠനം നടത്തിയത്.
ഗവേഷണത്തിനുള്ള ആശയം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നാണ് ഉടലെടുത്തത്. വിദ്യാർത്ഥികൾ ദുർഗന്ധം കാരണം തങ്ങളുടെ ചെരുപ്പുകൾ മുറികളിൽ നിന്ന് പുറത്താക്കി ഇടനാഴികളിൽ സൂക്ഷിക്കുന്നത് മിത്തൽ ശ്രദ്ധിച്ചു. ഹോസ്റ്റൽ റൂമുകളിലെ സ്ഥലപരിമിതിയോ ചെരുപ്പിന്റെ ഡിസൈനിലെ പ്രശ്‌നങ്ങളോ കാരണമല്ല ഇതെന്നും മറിച്ച് നിരന്തരമായ ഉപയോഗവും വിയർപ്പും മൂലമുണ്ടാകുന്ന ദുർഗന്ധമാണ് ഇതിനു പിന്നിലെ യഥാർത്ഥ വില്ലനെന്ന് മനസ്സിലായി. 149 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ (അവരിൽ 80% പുരുഷന്മാരായിരുന്നു) നടത്തിയ നടത്തിയ സർവേ അവരെ എത്തിച്ചത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യത്തിലേക്കായിരുന്നു. സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേർക്കും സ്വന്തം ചെരുപ്പിൽ നിന്നോ അല്ലെങ്കിൽ മറ്റൊരാളുടെ ചെരുപ്പിൽനിന്നോ വരുന്ന ദുർഗന്ധം നാണക്കേടിനിടയാക്കിയിട്ടുണ്ട്. ചായപ്പൊടിയും ബേക്കിംഗ് സോഡയുമെല്ലാം ഉപയോഗിച്ചുള്ള പരമ്പരാഗത മാർഗങ്ങൾ അവർ പരീക്ഷിക്കുകയും എന്നാൽ ഇതൊന്നും ഫലപ്രദമായിരുന്നില്ലെന്നും ഗവേഷകർ മനസിലാക്കി. ദുർഗന്ധത്തിന് കാരണം വിയർപ്പുള്ള ചെരുപ്പുകളിൽ വളരുന്ന കൈറ്റോകോക്കസ് സെഡന്റേറിയസ് (Kytococcus sedentarius) എന്ന ബാക്ടീരിയയാണെന്ന് പഠനത്തിലൂടെ ഇവർ കണ്ടെത്തി.
ദുർഗന്ധമില്ലാതാക്കി മികച്ച ഉപയോക്തൃ സൗഹൃദമായ ചെരുപ്പുകളാക്കി മാറ്റാൻ പരമ്പരാഗത ഷൂ റാക്കിനെ പുനർരൂപകൽപ്പന ചെയ്യാനുള്ള ഒരവസരമായി ഗവേഷകർ ഇതിനെ കണ്ടു. ഈ പരീക്ഷണം ഇവരെ എത്തിച്ചത് രസകരവും എന്നാൽ പ്രവർത്തനക്ഷമവുമായ ഒരു കണ്ടുപിടുത്തത്തിലേക്കായിരുന്നു. യുവിസി (അൾട്രാവയലറ്റ് സി) ലൈറ്റ് ഘടിപ്പിച്ച ഷൂറാക്കിന്റെ പ്രോട്ടോടൈപ്പ് കണ്ടെത്തിയതിലൂടെ ദുർഗന്ധത്തിന് പരിഹാരമുണ്ടാക്കാമെന്നും ഇവർ തെളിയിച്ചു.
യുവിസി ലൈറ്റിന് അണുക്കളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ദുർഗന്ധം കൂടുതലുള്ള യൂണിവേഴ്സിറ്റി അത്‌ലറ്റുകളുടെ ചെരുപ്പുകളാണ് പരീക്ഷണത്തിനായി ഗവേഷകർ ഉപയോഗിച്ചത്. 2–3 മിനിറ്റ് യുവിസി ദുർഗന്ധത്തിന് കാരണമായ ബാക്ടീരിയകളെ നശിപ്പിക്കുകയും ദുർഗന്ധം ഇല്ലാതാവുകയും ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തി. ദുർഗന്ധത്തിന് പകരം വളരെ നേരിയ റബ്ബർ കത്തുന്ന മണം വരികയും അത് പെട്ടെന്ന് ഇല്ലാതാകുകയും ചെയ്തു.
ഗവേഷകർ ഒരു അവാർഡിനും സമർപ്പിക്കാത്ത അവരുടെ പ്രബന്ധം ഇഗ് നോബൽ ടീം കണ്ടെത്തുകയായിരുന്നു. സമ്മാനത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് കുമാർ പറഞ്ഞു. ഇഗ് നോബൽ ടീം തങ്ങളെ കണ്ടെത്തി വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർഗന്ധമുള്ള ചെരുപ്പിനെ കുറിച്ചുള്ള പഠനം നേടിയ ഈ പുരസ്കാരം, പശുക്കളെ പെയിന്റ് ചെയ്ത് ഈച്ചകളെ അകറ്റാൻ ശ്രമിച്ച ജാപ്പനീസ് ജീവശാസ്ത്രജ്ഞരെയും മദ്യത്തിന്റെ സ്വാധീനം വിദേശ ഭാഷാ പ്രാവീണ്യതെ എങ്ങനെയെന്ന് സ്വാധീനിയ്ക്കുന്നത് എന്ന് പഠിച്ച ഡച്ച് ഗവേഷകരെയും പോലുള്ള വിചിത്രമായ ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ ഇന്ത്യക്കാരെയും എത്തിച്ചിരിക്കുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം