പെണ്ണിന്റെ ശത്രു അവള്‍ തന്നെയാണ്

By ആതിര സന്തോഷ്First Published Sep 21, 2017, 4:46 PM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

സ്ത്രീ എന്ന പദത്തിന് മകളെന്നും അമ്മയെന്നും ഭാര്യയെന്നും പെങ്ങളെന്നും അര്‍ത്ഥമുണ്ട്. എങ്കിലും, ഒരുപാട് റോളുകള്‍ക്കുള്ളില്‍ ഒരേ സമയം തിളങ്ങാന്‍ കഴിയുന്നവളുടെ ജീവിതം പക്ഷേ പലപ്പോഴും അടുക്കളയില്‍ നിന്നു തൊടിയിലേയ്‌ക്കോ മറ്റു മുറികളിലേയ്‌ക്കോ ഉള്ള ദൂരം മാത്രമായി ഒതുങ്ങിപ്പോവുന്നു.

മോളേ പുറത്തു പോയി കളിയ്ക്കരുതേ, എന്ന് വിളിച്ചു പറഞ്ഞ് മകളെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്ന അമ്മയാണ് നീയൊരു പെണ്ണാണെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കും അതു മൂലമുണ്ടാവുന്ന പരിമിതികളിലേയ്ക്കും അവളെ ആദ്യമായി  തള്ളി വിടുന്നത്. നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ശബ്ദമൊന്നുയര്‍ന്നാല്‍,  നീയൊരു പെണ്ണാണെന്നു മറക്കരുതെന്ന ശാസനയോടെ, കൂര്‍ത്ത നോട്ടങ്ങളിലൂടെ, വെറും പെണ്ണാണവളെന്ന ഓര്‍മ്മപ്പെടുത്തലിലേയ്ക്ക് തള്ളി വിടാറുണ്ട് അമ്മയോ മുത്തശ്ശിയോ.

സ്‌കൂള്‍ വിട്ടു വരാനല്പം വൈകിയാല്‍, കൂട്ടുകാരോട് സംസാരിച്ചു നിന്ന് നേരം പോയാല്‍, മകളെവിടെപ്പോയെന്ന ആധിയെ പൊതിഞ്ഞ് ചൂടൊട്ടം മാറാതെ 'എവിടെപ്പോയി കിടക്കുവായിരുന്നെടീ നീയിത്ര നേരം' എന്ന് അലറാന്‍ മറക്കാറില്ല അമ്മ. അതേ സമയം മകന്‍ എത്ര  താമസിച്ചു വന്നാലു0 ഒരക്ഷരം മിണ്ടാതെ വാതില്‍  തുറന്നു കയറ്റാറുണ്ട് ആ അമ്മ.

അമ്മയ്ക്ക് എന്നോട് സ്‌നേഹമില്ല എന്ന ചിന്തയെക്കാള്‍ ഞാനൊരു പെണ്ണായതു കൊണ്ടാണ് ഇങ്ങനെയൊക്കെയെന്നും ഇനിയെന്നും ഇങ്ങനെയാവണമെന്നും കുഞ്ഞുമനസില്‍ സ്വയമറിയാതെ തന്നെ ഊട്ടിയുറപ്പിയ്ക്കുകയാണ് അവള്‍. പ്രായമെത്തിയ പെണ്‍കുട്ടികള്‍  ആണ്‍കുട്ടികളോട് കൂട്ടു കൂടാന്‍ പാടില്ല എന്ന ഉപദേശവും, ആണുങ്ങളോട്, അച്ഛനായാലും അനിയനായാലും തറുതല പറയാന്‍ പാടില്ലയെ നിര്‍ദേവും കേട്ടാണ് അവളുടെ വളര്‍ച്ച. 

മകന്‍ എത്ര  താമസിച്ചു വന്നാലു0 ഒരക്ഷരം മിണ്ടാതെ വാതില്‍  തുറന്നു കയറ്റാറുണ്ട് ആ അമ്മ.

വീട്ടിലെ അവസ്ഥയും അമ്മയും അച്ഛനും തമ്മിലുള്ള ബന്ധവും കണ്ട് വളരുന്നവരാണ് കുട്ടികള്‍. ഭര്‍ത്താവിന് തന്റെ മേലുള്ള അമിത ആധിപത്യം അംഗീകരിച്ചു കൊടുക്കേണ്ടതാണ് എന്നു മക്കളോട് പറയാതെ പറയുന്നതാണ് ഓരോ അമ്മയുടെയും ജീവിതം. ക്രമേണ മക്കളും വിവാഹിതരാവുന്നു. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയോ ഭര്‍തൃമാതാപിതാക്കള്‍ക്ക് വേണ്ടിയോ ചിലപ്പോള്‍  സ്വന്തമിഷ്ട പ്രകാരമോ ജോലി വേണ്ടെന്നു വെച്ച് എച്ചില്‍ പാത്രങ്ങളുടെയും വിയര്‍ത്തു മുഷിഞ്ഞ വസ്ത്രങ്ങളുടെയും നാളെയെന്ത് കറി വെയ്ക്കുമെന്ന ആകുലതകളുടെയും നടുവിലേയ്ക്ക് അവളും ഇറങ്ങി ചെല്ലുന്നു. തന്റെ ജീവിതത്തിലിനി ഉണ്ടാവേണ്ട മഹത്തായ കാര്യം ഗര്‍ഭം ധരിയ്ക്കലും മുലയൂട്ടലും കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും വേണ്ടി ജീവിക്കുകയുമാണെന്ന വിചാരത്തോടെ തന്റെ കഴിവുകളെയും അഭിരുചികളെയും മറന്ന് പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നു. 

ഭാര്യയുടെ യാതൊരാവശ്യങ്ങളും വഹിയ്ക്കാന്‍ തയ്യാറാവാതെ തന്നെ നിരന്തരമായി ഉപദ്രവിയ്ക്കുന്നവനാണെങ്കില്‍ക്കൂടി ഒക്കെയും ക്ഷമിച്ചും പൊറുത്തും ജീവിയ്ക്കാന്‍ അവള്‍  തയ്യാറാണ്. ആരെന്ത് ചോദിച്ചാലും മക്കള്‍ക്കു വേണ്ടിയെന്ന വലിയൊരു നുണ സ്വയം പറഞ്ഞു പഠിച്ച് മറ്റുള്ളവരെയും പറഞ്ഞു ഫലിപ്പിയ്ക്കാന്‍ മറക്കാറില്ല അവള്‍.

നീയിനി എഴുതേണ്ട എന്നു പറഞ്ഞ് നന്നായെഴുതുന്ന ഭാര്യയെ നിരുത്സാഹപ്പെടുത്തുന്ന ഭര്‍ത്താവിനോട് രണ്ടാമതൊന്നാലോചിയ്ക്കാതെ പറ്റില്ല എന്നു പറയാന്‍ കഴിയാത്തവരാണ് മിക്ക സ്ത്രീകളും. ആരാണ് അവളെ അത്തരത്തിലാക്കിത്തീര്‍ത്തതെന്ന ചോദ്യത്തിന് സമൂഹമെന്നോ സംസ്‌ക്കാരമെന്നോ മറുപടി പറഞ്ഞ് കൈ കഴുകി നമുക്ക് മാറിയിരിക്കാം. പക്ഷേ സമൂഹത്തേക്കാള്‍, ഉത്തരവാദിത്തങ്ങളേക്കാള്‍ അവളുടെ ശത്രു അവള്‍  തന്നെയാണ്. ഞാന്‍ വിളമ്പിക്കൊടുത്താലേ ഭര്‍ത്താവ് ചോറുണ്ണൂ എന്നു പറയാനഭിമാനിയ്ക്കുന്ന ഭാര്യ താന്‍ കോളേജില്‍  പഠിയ്ക്കുമ്പോള്‍  കലാതിലകമായിരുന്നു എന്നു പറഞ്ഞ് അഭിമാനിക്കാന്‍ മറന്നു പോവാറുണ്ട്, ചിലപ്പോള്‍  മനപ്പൂര്‍വ്വം വേണ്ടെന്ന് വയ്ക്കാറുണ്ട്. 

ഭര്‍ത്താവിന്റെയൊപ്പമല്ലാതെ പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീയ്ക്ക് ഒറ്റയ്‌ക്കൊരു ജീവിതം സാധ്യമല്ലെന്ന വിശ്വാസം ഏത് മോഡേണ്‍  യുഗത്തിലാണെങ്കിലും ആളുകളിലുണ്ട്. അതുകൊണ്ടാണ് തനിച്ച് താമസിയ്ക്കാന്‍ റൂമന്വേഷിച്ചു ചെല്ലുന്ന പെണ്‍കുട്ടികളോട് കല്യാണം കഴിച്ചവര്‍ക്ക് മാത്രമേ വീട് കൊടുക്കൂ എന്നു പറഞ്ഞ് ഒഴിവാക്കി വിടാന്‍ കഴിയുന്നത്. ഒരാണിന്റെ തണലില്ലാതെ ജീവിയ്ക്കുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്ന സ്ത്രീകളോട് പൊതുവെ കാരണമൊന്നും കൂടാതെ അവജ്ഞ കാണിയ്ക്കുന്ന സമൂഹമാണ് ഇന്നുള്ളത്. 

നഴ്‌സായിരുന്ന സ്ത്രീ വിവാഹത്തോടെ ജോലി വേണ്ടെന്നു വെച്ച് ഭര്‍ത്താവിനൊപ്പം റബ്ബര്‍പ്പാലെടുത്ത് കുന്നും മലയുമിറങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്. അതു പോലെയാണ് പലരും പലപ്പോഴും. തന്റെ ലോകത്തെ തന്നിലേയ്ക്കും തന്റെ ചുറ്റിലുമുള്ള ഏതാനും പേരിലേയ്ക്കും ചുരുക്കി ജീവിയ്ക്കാന്‍ കഴിയുന്ന ഏകവര്‍ഗവും സ്ത്രീ തന്നെയാവണം! ചുരുങ്ങുക എന്നതിന് ചുരുക്കുക എന്നും അപ്പോള്‍ അര്‍ത്ഥമുണ്ട്!

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!

മുഫീദ മുഹമ്മദ്: വിവാഹച്ചന്തയില്‍ നടക്കുന്നത്
 

click me!