
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമങ്ങള്‍ ശമ്പളക്കാരുടെ മാസവരുമാനത്തില്‍ നേരിയ കുറവുണ്ടാക്കിയേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിരമിക്കല്‍ സമ്പാദ്യത്തിലേക്ക് ഇത് കോടികളുടെ അധിക വരുമാനം നല്‍കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
പുതിയ തൊഴില്‍ നിയമങ്ങളിലെ പ്രധാന മാറ്റം അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ടതാണ്.
പഴയ രീതി: കമ്പനികള്‍ സാധാരണയായി ശമ്പളത്തിന്റെ 30-35% മാത്രമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗം നികുതിയിളവുകളുള്ള അലവന്‍സുകളിലേക്കാണ് പോയിരുന്നത്. ഇത് പ്രൊവിഡന്റ് ഫണ്ടിലേക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കുമുള്ള വിഹിതം കുറയാന്‍ കാരണമായി.
പുതിയ നിയമം: മൊത്തം വാര്‍ഷിക ചിലവിന്റെ (സിടിസി) കുറഞ്ഞത് 50% എങ്കിലും അടിസ്ഥാന ശമ്പളം ആയിരിക്കണം എന്ന് പുതിയ തൊഴില്‍ കോഡുകള്‍ നിഷ്‌കര്‍ഷിക്കുന്നു. പ്രോവിഡന്റ് ഫണ്ട്, ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവ അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനമായാണ് കണക്കാക്കുന്നത് എന്നതിനാല്‍, അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍ ഈ വിഹിതവും വര്‍ധിക്കും. ഇത് പ്രതിമാസം കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ നേരിയ കുറവിന് കാരണമാകും.
പുതിയ നിയമ പ്രകാരം, പ്രതിവര്‍ഷം 12 ലക്ഷം രൂപ വരുമാനമുള്ള 30 വയസ്സുള്ള ഒരു ജീവനക്കാരന്റെ സാമ്പത്തിക സ്ഥിതിയെടുത്താല്‍, പിഎഫ് വിഹിതത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകും. പഴയ കണക്കനുസരിച്ച് (ബേസിക് പേയുടെ 30% ആയിരുന്നപ്പോള്‍) പിഎഫ് വിഹിതം പ്രതിമാസം 7,200 രൂപയായിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം (ബേസിക് പേ 50% ആയി ഉയരുമ്പോള്‍) പിഎഫ് വിഹിതം പ്രതിമാസം 12,000 രൂപയായി വര്‍ധിക്കും. ഇത് പ്രതിമാസം 4,800 രൂപയുടെ അധിക പിഎഫ് വിഹിതമാണ്. എന്‍പിഎസ് വിഹിതവും ബേസിക് പേ 30% ല്‍ നിന്ന് 50% ലേക്ക് ഉയരുന്നതിന് ആനുപാതികമായി വര്‍ധിക്കുന്നു. ഈ മാറ്റങ്ങള്‍ വിരമിക്കല്‍ ഫണ്ടിനെ വലിയ തോതില്‍ സ്വാധീനിക്കും. പിഎഫ് വിഹിതത്തിലെ വര്‍ധനവ് മാത്രം 30 വര്‍ഷം കൊണ്ട് ഏകദേശം 1.24 കോടി അധികമായി നല്‍കും. എന്‍പിഎസിലേക്കുള്ള അധിക വിഹിതം ഏകദേശം 1.07 കോടി കൂടി കൂട്ടിച്ചേര്‍ക്കുന്നു. മൊത്തത്തില്‍, പഴയ രീതിയില്‍ 3.46 കോടിയായിരുന്ന വിരമിക്കല്‍ ഫണ്ട്് പുതിയ നിയമപ്രകാരം 5.77 കോടിയായി ഉയരും. അതായത്, പുതിയ നിയമം ഒരു സാധാരണ ശമ്പളക്കാരന്റെ വിരമിക്കല്‍ ഫണ്ടിലേക്ക് 2.31 കോടി അധികമായി ലഭ്യമാക്കാന്‍ സഹായിക്കും.