
ദില്ലി: സ്റ്റേജിൽ നിന്ന് തെന്നിവീണ ക്യാമറാമാന് കൈത്താങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൂറത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ക്യാമറാമാൻ കാൽതെറ്റി നിലത്ത് വീണത്. തുടർന്ന് ഇയാളെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനായി മോദി പ്രസംഗം നിർത്തുകയായിരുന്നു.
പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ക്യാമറാമാൻ കാൽ തെറ്റി സ്റ്റേജിൽനിന്ന് നിലത്തേക്ക് വീഴുകയായിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗം നിർത്തി പരിക്കേറ്റ ക്യാമറാമാനെ ആശുപത്രിയിലെത്തിക്കാനുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ആളുകൾ ചേർന്ന് ക്യാമറാമാനെ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ പ്രധാനമന്ത്രി മോദി ആദ്യമായല്ല തന്റെ പ്രസംഗം പകുതിക്ക് വച്ച് നിർത്തുന്നത്. കഴിഞ്ഞ വർഷം ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനമന്ദിരത്തിന് സമീപത്തുള്ള പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനെ തുടർന്ന് മോദി രണ്ട് മിനിട്ട് പ്രസംഗം നിർത്തി വച്ചിരുന്നു.
അതേസമയം 2013 ആഗസ്റ്റ് 15ന് മോദി പങ്കെടുത്ത സ്വാതന്ത്രദിന പരിപാടിക്കിടെ ഗുജറാത്ത് ഡിജിപി കുഴഞ്ഞുവീണു. എന്നാൽ അന്ന് അയാളെ ശ്രദ്ധിക്കാതെ മോദി തന്റെ പ്രസംഗം തുടരുകയായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. 2014ലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. രോഗാവസ്ഥയിലായ ആളെ പരിഗണിക്കാതെ തന്റെ പ്രസംഗം തുടർന്ന് മോദിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.
കാൽ തെറ്റി നിലത്തുവീണ ക്യാമറാമാനെ കൈപിടിച്ച് എഴുന്നേൽപ്പിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോയ്ക്കൊപ്പം ആളുകൾ ഏറ്റവും കൂടുതൽ താരതമ്യം ചെയത് പ്രചരിപ്പിക്കുന്ന വീഡിയോയും 2013ലെ ഈ സംഭവം അടിസ്ഥാനപ്പെടുത്തിയുള്ളത് തന്നെയാണ്.
ഒഡിഷയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് കാൽ തെറ്റി വീണ ക്യാമറാമാനെ കൈപിടിച്ച് രക്ഷിച്ചാണ് രാഹുല്‍ ഗാന്ധി താരമായത്. ഭുവനേശ്വറില്‍ രാഹുലിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറാമാന്‍ കാല്‍ തെറ്റി നിലത്തു വീഴുകയും അത് കണ്ടയുടനെ അയാളുടെ അടുത്തേക്കെത്തി കൈപിടിച്ച് രാഹുല്‍ എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam