
ദില്ലി: സിബിഐ കേസിൽ വാദം കേൾക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോട് നിരവധി ചോദ്യങ്ങളുമായി സുപ്രീംകോടതി. സിബിഐ തലപ്പത്തെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. തിടുക്കത്തിൽ എന്തിനായിരുന്നു അലോക് വര്‍മ്മയെ മാറ്റിയതെന്ന് വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സെലക്ട് കമ്മിറ്റിയെ എന്തുകൊണ്ട് ഈ നടപടികൾ അറിയിച്ചില്ല എന്നും കോടതി ചോദിച്ചു.
അടിയന്തര സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടൽ നടത്തേണ്ടിവന്നതെന്ന് കേന്ദ്ര വിജിലൻസ് കമ്മീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത വാദിച്ചു. സിബിഐ ഡയറക്ടറെ മാറ്റിയിട്ടില്ല, താൽക്കാലികമായി അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ച്, ചുമതലകൾ ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും തുഷാര്‍മേത്ത വിശദീകരിച്ചു.
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ്മ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നത്. കേസിൽ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ വാദം പൂര്‍ത്തിയായി. സിബിഐ ഡയറക്ടറുടെ കാലാവധിയും നിയമവും സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകൻ ഫാലി എസ് നരിമാൻ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam