ഇന്ത്യാ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കം; വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തും

By Web TeamFirst Published Sep 20, 2018, 7:37 PM IST
Highlights

ഇന്ത്യാ-പാക് ചര്‍ച്ച പുനഃരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചത്. അതേസമയം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചെങ്കിലും ചര്‍ച്ചയുടെ അജണ്ട നിശ്ചയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാർ പറഞ്ഞു. 

ദില്ലി: ഇന്ത്യാ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരിക്കും ചർച്ച സംഘടിപ്പിക്കുക. ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും.  

ഇന്ത്യാ-പാക് ചര്‍ച്ച പുനഃരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും കൂടിക്കാഴ്ച്ച നടത്താൻ തീരുമാനിച്ചത്. അതേസമയം കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചെങ്കിലും ചര്‍ച്ചയുടെ അജണ്ട നിശ്ചയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാർ പറഞ്ഞു. 

ഇരു രാജ്യങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയാലും ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമുണ്ടാകില്ല. കൂടാതെ ചർച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്നും കുമാർ പറഞ്ഞു. അതേസമയം സാർക്ക് ഉച്ചകോടി പാകിസ്താനിൽ വച്ച് നടത്തണമെന്ന ഇമ്രാൻ ഖാന്റെ നിർദേശത്തെ കേന്ദ്രസർക്കാർ തിരസ്ക്കരിച്ചു.  

കര്‍തര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സിഖ് തീര്‍ഥാടകര്‍ക്കായി കര്‍തര്‍പുര്‍ ഇടനാഴി തുറക്കണമെന്ന് ഇന്ത്യ പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാകിസ്താന്‍ അനുകൂല നിലപാട് എടുത്തിരുന്നില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്ന് ആവശ്യവുമായി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിനായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്ന നിര്‍ദ്ദേശവും കത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. 2015ലാണ് രാജ്യങ്ങൾ തമ്മിൽ അവസാനമായി കൂടിക്കാഴ്ച്ച നടത്തിയത്.  

click me!