
ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍.2013 ല്‍ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന കലാപത്തിൽ അറുപത് പേരാണ് കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് നൂറ്റിമുപ്പത്തൊന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ പതിനെട്ട് കേസുകൾ പിൻവലിക്കാന്‍ ആദിത്യനാഥ് സർക്കാർ മുസാഫർനഗർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.
കലാപശ്രമം, ആയുധങ്ങൾ ദുരുപയോഗം ചെയ്യൽ, കവർച്ചാശ്രമം എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ച ബിജെപി നേതാക്കന്മാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാൻ ജില്ലാ മജിസ്ട്രേട്ട് രാജീവ് ശർമ്മ വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, നിലവിൽ പിൻവലിക്കുന്നവയൊന്നും രാഷ്ട്രീയക്കാർ പ്രതികളായ കേസുകളല്ലെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ബിജെപി എംപി സഞ്ചീവ് ബല്യാനിന്‍റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ കേസുകളുടെ റിപ്പോർട്ട് ആവശ്യപ്പെടുകയും പൊതുതാല്പര്യാർത്ഥം കേസുകൾ പിൻവലിക്കാൻ ആലോചിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ജില്ലാ ഭരണകൂടം ഇതിനെ എതിർത്തിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ എതിര്‍പ്പിനെ മറികടന്നാണ് ഇപ്പോള്‍ സംസ്ഥാന സർക്കാർ കേസുകൾ പിൻവലിക്കാനുള്ള നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam