
ദില്ലി: പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും പാക്ക് സൈന്യത്തിന്റെയും ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി പാകിസ്ഥാൻ . നയതന്ത്ര പ്രതിനിധികൾക്കടക്കം വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലേക്ക് കടക്കാനാകുന്നില്ലെന്നും ഇതിനു പിന്നിൽ ഇന്ത്യയോ ഇന്ത്യയിൽ നിന്നുള്ള ഹാക്കർമാരോ ആണെന്നുമാണ് ഉദ്യോഗസ്ഥരെ അവലംബിച്ച് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഇപ്പോൾ പാകിസ്ഥാനിൽ മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നതെന്ന് പാക് വിദേശ കാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു. ആസ്ട്രേലിയയിലെയും സൗദി അറേബ്യയിലെയും നയതന്ത്ര പ്രതിനിധികൾക്ക് വെബ്സൈറ്റ് തുറക്കാൻ ആകുന്നില്ല. ബ്രിട്ടനിലും നെതർലാൻഡ്സിലും സമാന സാഹചര്യമാണ്. ഹാക്കർമാരുടെ ഇടപെടൽ മൂലമാണ് വെബ്സൈറ്റ് മറ്റു രാജ്യങ്ങളിൽ കിട്ടാത്തതെന്നും ഇത് അടിയന്തിരമായി പരിഹരിക്കാൻ ഐടി സംഘം പരിശ്രമിക്കുകയാണെന്നും പാക്കിസ്ഥാൻ പറയുന്നു.
പാക് സൈന്യത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.pakistanarmy.gov.pk യും ഇപ്പോൾ പാക്കിസ്ഥാന് പുറത്ത് കിട്ടുന്നില്ലെന്നാണ് പാകിസ്ഥാൻ പരാതിപ്പെടുന്നത് . ഇന്ത്യൻ ഐപി അഡ്രസ് ഉപയോഗിച്ച് ഈ വെബ്സൈറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ താഴെ കാണുന്ന സന്ദേശമാണ് ലഭിക്കുന്നത്.
40 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനുള്ള പ്രതികാര നടപടിയാണ് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് കൊണ്ട് ഇന്ത്യ നടത്തുന്നതെന്ന് പാക് മാധ്യമങ്ങൾ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam