പുതുച്ചേരിയിലെ ഭരണപ്രതിസന്ധി: ധർണ തുടരുന്ന മുഖ്യമന്ത്രിയും ലഫ്. ഗവർണറും തമ്മിൽ വൈകിട്ട് ചർച്ച

Published : Feb 17, 2019, 04:39 PM IST
പുതുച്ചേരിയിലെ ഭരണപ്രതിസന്ധി: ധർണ തുടരുന്ന മുഖ്യമന്ത്രിയും ലഫ്. ഗവർണറും തമ്മിൽ വൈകിട്ട് ചർച്ച

Synopsis

പുതുച്ചേരിയിലെ ഭരണപ്രതിസന്ധി തുടരുകയാണ്. ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയും മുഖ്യമന്ത്രി നാരായണസ്വാമിയും തമ്മിൽ നടക്കുന്ന തർക്കം പുതിയ തലത്തിലേക്ക്..

പുതുച്ചേരി: ഭരണപ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയും ലഫ്. ഗവർണർ കിരൺ ബേദിയും തമ്മിൽ ഇന്ന് ചർച്ച. വൈകിട്ട് ആറ് മണിയ്ക്ക് ലഫ്. ഗവർണറുടെ വസതിയായ രാജ് നിവാസിൽ ചർച്ച നടത്താമെന്ന് കിരൺ ബേദി നിർദേശം മുന്നോട്ടു വച്ചെങ്കിലും മുഖ്യമന്ത്രി വി. നാരായണസ്വാമി ഇത് തള്ളി. സെക്രട്ടേറിയറ്റിലായിരിക്കണം ചർച്ചയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ട്വിറ്ററിലാണ് ഇരുവരുടെയും വാദപ്രതിവാദങ്ങളെന്നതാണ് കൗതുകകരം. ട്വിറ്ററിൽ നിലപാടുകൾ എഴുതുന്ന ലഫ്. ഗവർണർ കിരൺ ബേദിക്ക് ട്വിറ്റർ വഴി തന്നെയാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി മറുപടി നൽകുന്നത്. ചർച്ചയ്ക്കുള്ള ക്ഷണവും, അതിനുള്ള മറുപടിയുമെല്ലാം ട്വിറ്റർ വഴിയാണ് ഇരുവരും പങ്കു വയ്ക്കുന്നത്. ഭരണപരമായ തർക്കങ്ങളിൽ വാക്പോര് നടത്തുന്നതും ട്വിറ്റർ വഴി തന്നെ.

പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന സംവാദം നടത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രിയെ ലഫ്. ഗവർണർ വെല്ലുവിളിച്ചിരുന്നു. തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വേദിയും സ്ഥലവും ട്വിറ്ററിൽത്തന്നെ പറഞ്ഞു. ഏത് സമയവും ചർച്ചയ്ക്ക് വരാം. സ്ഥലം പുതുച്ചേരി ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ.

എന്നാൽ ലഫ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഈ തർക്കം പുതുച്ചേരിയിൽ സൃഷ്ടിക്കുന്ന ഭരണപ്രതിസന്ധി ചെറുതല്ല. കഴിഞ്ഞ രണ്ട് ദിവസമായി പുതുച്ചേരിയിൽ ഭരണപരമായ കാര്യങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. 

പുതുച്ചേരിയില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും എംഎല്‍എമാരും ഗവര്‍ണറുടെ ഒദ്യോഗിക വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ദില്ലിയിലുള്ള ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മടങ്ങിയെത്തി ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ഇതേത്തുടർന്ന് ഉച്ചയോടെ ലഫ്. ഗവർണർ കിരൺ ബേദി പുതുച്ചേരിയിൽ മടങ്ങിയെത്തി. തുടർന്നാണ് വൈകിട്ട് മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചത്. 

മന്ത്രിസഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നും, ജനപ്രിയ പദ്ധതികളുടെയെല്ലാം ഫയലുകൾ തടഞ്ഞു വച്ച് ലഫ്. ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും കാണിച്ചാണ് മുഖ്യമന്ത്രി വി. നാരായണസ്വാമി സമരം തുടങ്ങിയത്. 

കിരൺ ബേദിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ സമരത്തിനിറങ്ങും മുൻപ് മുഖ്യമന്ത്രി വീടിന് മുന്നിൽ കറുത്ത പതാക ഉയർത്തി പ്രതിഷേധിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വി. നാരായണസ്വാമിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി
പാലിൽ 'സർവ്വം മായ', സോപ്പ് പൊടി, യൂറിയ. റിഫൈൻഡ് ഓയിൽ...; മുംബൈയിൽ പിടികൂടിയ വ്യാജ പാൽ യൂണിറ്റ് വീഡിയോ വൈറൽ