Asianet News MalayalamAsianet News Malayalam

മുംബൈ അധോലോകത്ത് നിന്ന് കേരളത്തിലേക്ക് വന്ന ആ ഫോണ്‍ കോളിന് പിന്നില്‍; രവി പൂജാരിയുടെ കഥയിങ്ങനെ!

കൊച്ചിയിലെ വെടിവയ്പിൽ താൻ ക്വൊട്ടേഷൻ ഏറ്റെടുത്തത് സലൂൺ ഉടമയായ ലീന മരിയ പോളിന്റെ സ്നേഹിതനായ സുകേഷ് ചന്ദ്രശേഖർ പലരെയും കോടിക്കണക്കിനു രൂപ വെട്ടിച്ച സംഭവത്തിൽ നീതി നേടിക്കൊടുക്കാനാണെന്ന് പൂജാരി ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ  ഫോൺ ചെയ്ത് അറിയിച്ചിരുന്നു.

who is ravi poojari and why he is behind threat call to leena paul
Author
Mumbai, First Published Dec 20, 2018, 12:20 PM IST

മുംബൈ: ആരാണീ രവി പൂജാരി...? കൊച്ചിയിൽ സിനിമാതാരം ലീനാ  മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പിന് ശേഷം കേരളം ചോദിക്കുന്ന ചോദ്യമിതാണ്.  അധോലോക പ്രവര്‍ത്തനങ്ങളില്‍ സജീവമായ രവി പൂജാരി പ്രവര്‍ത്തന മേഖലകളില്‍ വ്യത്യസ്തനാണ്.  മുംബൈ പ്രവര്‍ത്തന മണ്ഡലമാക്കിയ രവി പൂജാരിക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെങ്കിലും ഇംഗ്ലീഷും ഹിന്ദിയും മറാത്തിയും കന്നഡയുമടക്കം പലഭാഷകളിലും പ്രാവീണ്യമുണ്ട്.

കൊച്ചിയിലെ വെടിവയ്പിൽ താൻ ക്വൊട്ടേഷൻ ഏറ്റെടുത്തത് സലൂൺ ഉടമയായ ലീന മരിയ പോളിന്റെ സ്നേഹിതനായ സുകേഷ് ചന്ദ്രശേഖർ പലരെയും കോടിക്കണക്കിനു രൂപ വെട്ടിച്ച സംഭവത്തിൽ നീതി നേടിക്കൊടുക്കാനാണെന്ന് പൂജാരി ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ  ഫോൺ ചെയ്ത് അറിയിച്ചിരുന്നു. ബാലാജി എന്നും ശേഖർ റെഡ്ഢി എന്നും സുകേഷ് ചന്ദ്രശേഖർ എന്നുമൊക്കെ പല പേരുകളിലും അറിയപ്പെടുന്ന പ്രസ്തുത വ്യക്തിയുടെ പേരിൽ നിരവധി കേസുകൾ ബാംഗ്ലൂർ പൊലിസിൽ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.  2007 ലെ ഒരു തട്ടിപ്പുകേസിൽ ഇയാളുടെ മാതാപിതാക്കൾ അറസ്റുചെയ്യപ്പെടുകയും നിരവധി ആഡംബര കാറുകൾ ഇവരുടെ വസതിയിൽ നിന്നും കസ്റ്റഡിയിലെടുക്കപ്പെടുകയും ഒക്കെയുണ്ടായെങ്കിലും അന്ന് സുകേഷ് അറസ്റ്റിൽ നിന്നും വഴുതിമാറിയിരുന്നു.   ബാംഗ്ലൂർ പോലീസിന്റെ ലിസ്റ്റിലുള്ള ഡ്രാഗ് റേസർമാരിൽ ഒരാളാണ് സുകേഷ്. 2010ൽ ഒരു ആഡംബര കാറിൽ ചീറിപ്പാഞ്ഞുപോവുകയായിരുന്ന സുകേഷിനെ ബാംഗ്ലൂർ പൊലിസ് പിന്തുടർന്നപ്പോൾ അതിൽ  ലീനാ മരിയ പോളും ഉണ്ടായിരുന്നതായി ബെഗലുരു പൊലിസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ തമ്മിൽ മുമ്പ് ലിവ് -ഇൻ ബന്ധത്തിലായിരുന്നു എന്നും പൊലിസ് പറയുന്നു. എന്തായാലും സാമ്പത്തിക തട്ടിപ്പുകളിൽ ഇരകൾക്ക് നീതി കിട്ടിയില്ലെങ്കിൽ സുകേഷിനെ കൊല്ലാനും താൻ മടിക്കില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അനിൽ പൂജാരി വിശദമാക്കിയിരുന്നു. 

who is ravi poojari and why he is behind threat call to leena paul

കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു രവി പൂജാരയുടെ ജനനം. കൗമാരത്തിൽ ഒരു ഹോട്ടലിൽ ജോലിചെയ്യാനായിട്ടാണ് രവി ആദ്യമായി മുംബൈയിലെത്തുന്നത്. എൺപതുകളുടെ അവസാനത്തിൽ, ബാലാ സാൾട്ടെ എന്ന ലോക്കൽ ദാദയെ കൊന്നുതള്ളും വരെ ഒരു 'തെറിച്ച' ചെറുക്കൻ എന്ന പെരുമാത്രമേ രവിയ്ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ഈ വധത്തോടെ അധോലോകത്തെ കാസ്റ്റിംഗ് ഏജന്റുകളുടെ കണ്ണിൽ രവി പൂജാരിയും പെട്ടു. അന്ധേരിയിലെ ചേരികളിൽ തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട രവി താമസിയാതെ ഛോട്ടാ രാജന്റെ സംഘത്തില്‍ ചേരുകയും, വളരെപ്പെട്ടന്ന് രാജന്റെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.  ഛോട്ടാ രാജന്റെ വലംകൈയായി മാറാന്‍ പൂജാരിക്ക് ഏറെ സമയം വേണ്ടി വന്നില്ല. 1990ൽ ദുബായിലേക്ക് കടന്ന പൂജാരി അവിടെ നിന്നുകൊണ്ട് മുംബൈയിലെ  കെട്ടിട നിര്‍മാതാക്കളില്‍ നിന്നും ഹോട്ടലുടമകളിൽ നിന്നുമൊക്കെ ഭീഷണിപ്പെടുത്തി പണം ഈടാക്കുന്ന പരിപാടി തുടങ്ങി. 2009  മുതൽക്കിങ്ങോട്ട് സൽമാൻ ഖാൻ, അക്ഷയ് കുമാർ, കരൺ ജോഹർ, രാജേഷ് രോഷൻ, ഷാരൂഖ് ഖാൻ എന്നിങ്ങനെ ഒരുപാട് സിനിമാ നടന്മാരെ ഫോൺ ചെയ്ത് ഭീഷണി മുഴക്കിയിട്ടുണ്ട് പൂജാരി. 

2000-ൽ ബാങ്കോക്കിൽ വെച്ച് വെച്ച്  ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജനെ കൊല്ലാൻ ഒരു ശ്രമം നടത്തുകയുണ്ടായി. അന്ന് ആ ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രാജൻ രക്ഷപ്പെട്ടു. ദാവൂദുമായി ചേർന്ന്, തന്നെ ഒറ്റുകൊടുത്തു എന്ന സംശയത്തിൽ രാജൻ തന്റെ അനുയായികളായ വിനോദ് ഷെട്ടി, മോഹൻ കോട്യൻ എന്നിവരെ പൻവേലിൽ വെച്ച് വെടിവെച്ചുകൊന്നിരുന്നു.   തങ്ങളുടെ നിരപരാധിത്വം രാജനെ ബോധ്യപ്പെടുത്താനാവാതെ വന്നപ്പോൾ, രവി പൂജാരിയും, ഗുരു സാത്താമും ചേർന്ന്, ചോട്ടാ രാജൻ സംഘത്തിൽ നിന്നും വേർപിരിഞ്ഞ് തങ്ങളുടേതായ ഒരു സംഘം തുടങ്ങുകയായിരുന്നു. . രവി പൂജാരി എന്ന പേര് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തുന്നത് 1995ലാണ്.  

who is ravi poojari and why he is behind threat call to leena paul

1995  സെപ്തംബറിൽ തന്റെ ചെമ്പൂരിലെ കോർപറേറ്റ് ഓഫീസിനുള്ളിൽ ഉച്ചയുറക്കത്തിലായിരുന്ന കുക്രേജാ ബിൽഡേഴ്‌സിന്റെ ഉടമയും മുംബയിലെ ബിൽഡേഴ്‌സ് ഡെവലപ്പേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്ന ഓം പ്രകാശ് കുക്രേജയെ പൂജാരിയുടെ അനുയായികളായ സലിം ഹദ്ദി, രാജു എഗ്രെ എന്നിവർ ചേർന്ന് വെടിവെച്ച് കൊന്നതോടെയാണ്.  ഇന്ന് തന്റെ ഓപ്പറേഷനുകളെല്ലാം പൂജാരി നിയന്ത്രിക്കുന്നത് ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചുകൊണ്ടാണ്. ഒരു ഓസ്‌ട്രേലിയൻ പാസ്പോർട്ടുപോലും പൂജാരിക്ക് സ്വന്തമായുണ്ട്. 

1993ലെ മുംബൈ ബോംബ് സ്ഫോടനപരമ്പരയിൽ ദാവൂദ് ഇബ്രാഹിം വഹിച്ച പങ്കാണ് യഥാർത്ഥത്തിൽ  ദാവൂദും ഛോട്ടാ രാജനും തമ്മിൽ തെറ്റാനിടയാക്കിയ പ്രധാന കാരണം.  അന്ന് രാജന്റെ അടുത്ത അനുയായികളായിരുന്ന സന്തോഷ് ഷെട്ടി, ഭരത് നേപ്പാളി എന്നിവരെപ്പോലെ രവി പൂജാരിയും 'ദേശസ്നേഹ'ത്തിന്റെ തീവണ്ടി പിടിക്കാനുള്ള പലവിധത്തിലുള്ള പരിശ്രമങ്ങളും നടത്തി. ബോംബുസ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പൊലിസ് പീഡിപ്പിച്ചുകൊണ്ടിരുന്ന നിരപരാധികളായ മുസ്‌ലിം യുവാക്കളുടെ കേസുകൾ ഏറ്റെടുത്തു നടത്തിക്കൊണ്ടിരുന്ന ഷാഹിദ് ആസ്മി എന്ന വക്കീലിനെയും, 2011 സ്‌ഫോടനക്കേസിൽ കുറ്റാരോപിതനായ എഹ്തെസാം സിദ്ദിഖി എന്നിവരെയൊക്കെ വധിച്ചതും പൂജാരി തന്നെയായിരുന്നു.  

 മുജാഹിദ്ദീൻ ഭീകരവാദി യാസിൻ ഭട്കലിന്റെ വക്കീലായ എം.എസ് ഖാനെയും ഫോണിൽ വിളിച്ച്  ഈയടുത്ത് പൂജാരി കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു.  ലഷ്കർ ത്വയ്യിബയുടെ ബോംബ് നിർമ്മാണ വിദഗ്ധൻ അബ്ദുൽ കരീം തുണ്ടയെയും, ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഗ്യാങ്സ്റ്റർ അബു സലീമിനെയും ഒക്കെ പ്രതിനിധീകരിച്ചിരുന്നത്  ഖാൻ തന്നെയായിരുന്നു. 

Follow Us:
Download App:
  • android
  • ios