സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഇരട്ടി പൊക്കം; ലോകത്തിലെ വലിയ പ്രതിമ ഇനി ഇന്ത്യയില്‍

By Web TeamFirst Published Oct 31, 2018, 11:43 AM IST
Highlights

597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  എന്നാല്‍ 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംപിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരമാണ് സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയ്ക്ക് എന്നത് മറ്റൊരു പ്രത്യേകത.

ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ ഇനി മുതല്‍ ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റേതാകും. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് വിശേഷിപ്പിക്കുന്ന പട്ടേല്‍ പ്രതിമ പ്രധാമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിനായി സമര്‍പ്പിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ബുദ്ധയെ പട്ടേല്‍ പ്രതിമ പിന്നിലാക്കി. 

597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംബിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.

 

പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ന് 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനം കൂടിയാണ്. 2989 കോടി രൂപ മുടക്കിയാണ് ഗുജറാത്തില്‍ നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധുബോട് ദ്വീപില്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ദാര്‍ സരോവര്‍ ഡാമില്‍നിന്ന് 3.321 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.  200 ഓളം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ശില്‍പി പത്മഭൂഷന്‍ റാം വി സുതര്‍ ആണ്. സര്‍ദാര്‍ സരോവര്‍ നര്‍മ്മദാ നിഗം ലിമിറ്റഡും ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2013 ല്‍ ആരംഭിച്ച വെങ്കല പ്രതിമയുടെ നിര്‍മ്മാണത്തിന് ചൈനയില്‍നിന്ന് നൂറുകണക്കിന് വിദഗ്ധ തൊഴിലാളികളെയും അധികൃതര്‍ എത്തിച്ചു. 

എന്നാല്‍ മുംബൈയില്‍ സ്ഥാപിക്കാനിരിക്കുന്ന ഛത്രപതി ശിവജി പ്രതിമയ്ക്ക് പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരമുണ്ടാകുമെന്നാണ് സൂചന. 212 മീറ്റര്‍ ഉയരമുള്ള പ്രതിമ 2021 ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കുതിരപ്പുറത്ത് വാളുമേന്തിയിരിക്കുന്ന തരത്തിലുള്ള ശിവജിയുടെ പ്രതിമയാകും മുംബൈയിലെ കടത്തീരത്ത് സ്ഥാപിക്കുക. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പും മത്സ്യ ബന്ധനത്തിന് തടസ്സമാകുമെന്ന വിലയിരുത്തലും കാരണം ശിവജി പ്രതിമയുടെ നിര്‍മ്മാണം വൈകുകയാണ്. 
 

click me!