
അയോധ്യ: വിവാദഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമോയെന്ന വിഷയത്തില്‍ വ്യക്തതയില്ലെങ്കിലും അയോധ്യയിലെ ഹോട്ടലുകള്‍ മുഴുവന്‍ ബുക്ക് ചെയ്ത് ശിവസേന പ്രവര്‍ത്തകര്‍. 1992 ല്‍ കര്‍സേവകര്‍ അയോധ്യയുടെ തെരുവുകളില്‍ എത്തിയതിന് സമാനമായാണ് അയോധ്യയുടെ തെരുവുകളില്‍ ശിവസേന പ്രവര്‍ത്തകരെത്തിക്കൊണ്ടിരിക്കുന്നത്.
3000 മുതല്‍ 4000 വരെ പ്രവര്‍ത്തകരെയാണ് സ്പെഷ്യല്‍ ട്രെയിനുകളിലായി അയോധ്യയിലെത്തുന്നത്. 22 എംപിമാരും 62 എംഎല്‍മാരും രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയിലെത്തുന്ന പ്രവര്‍ത്തകര്‍ക്കായി അയോധ്യയിലെ ഹോട്ടലുകള്‍ എല്ലാം തന്നെ ഒരുമാസ മുന്‍പ് തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1322 ബസുകളിലും മറ്റു വാഹനങ്ങളിലുമായി 80000 സംഘപരിവാര്‍ പ്രവര്‍ത്തകരെ അയോധ്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസുള്ളത്. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് അയോധ്യയുള്ളത്.
അതിനിടെ ബാബ്‌റി മസ്ജിദ് തകർക്കാൻ 17 മിനിറ്റാണ് എടുത്തതെന്നും രാമക്ഷേത്ര നിർമാണത്തിനായുള്ള ഓർഡിനൻസ് ഇറക്കാൻ എത്ര സമയം വേണമെന്നും ബിജെപിയോട് ശിവസേന മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ചോദിച്ചിരുന്നു. എന്നാല്‍ സമാധാന പൂര്‍ണമായ പരിപാടികളാണ് അയോധ്യയില്‍ സംഘടിപ്പിക്കുന്നതെന്നാണ് ശിവസേന നല്‍കുന്ന വിശദീകരണം. മഹാരാഷ്ട്രയുടെ പല മേഖലകളിൽ നിന്ന് പ്രത്യേക ട്രെയിനുകളിൽ ഒട്ടേറെ ശിവസേനാ പ്രവർത്തകർ യുപിയിൽ ഇതിനകം എത്തിക്കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam