
ഹൈദരാബാദ്: മെട്രോയില്‍ വച്ച് നൃത്തം ചെയ്ത യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ വിവാദം. മെട്രോ ട്രെയിനില്‍ നൃത്തം ട്വിറ്ററില്‍ ഇട്ട് ചിലര്‍ ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡിനെ (എച്ച്എംആർഎൽ) ടാഗ് ചെയ്തതോടെയാണ് വിവാദത്തിന്‍റെ തുടക്കം.
ഒരു യുവതി മെട്രോ ട്രെയിനിനുള്ളിലും മെട്രോ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലും ഇൻസ്റ്റാഗ്രാം റീല്‍ വീഡിയോകൾ ചിത്രീകരിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നു. ഇത്തരം വീഡിയോകൾ പലപ്പോഴും മെട്രോ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ചിത്രീകരിക്കുന്നത് തീര്‍ത്തും ശല്യം എന്നാണ് ഒരു വിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ വിശേഷിപ്പിക്കുന്നത്. വീഡിയോ എച്ച്എംആർഎല്ലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഇത്തരത്തില്‍ വീഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പ്രത്യേകം അനുവാദം തേടേണ്ടതാണ് എന്നാണ് എച്ച്എംആർഎല്‍ പറയുന്നത്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാം. ഹൈദരാബാദ് മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മെട്രോയ്ക്ക് അകത്തുനിന്ന് തെലുങ്ക് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം.
ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കാത്തതിനാൽ ട്വിറ്ററിൽ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടപടി ആരംഭിച്ചതായി എച്ച്എംആർഎൽ പബ്ലിക് റിലേഷൻസ് ഓഫീസർ കൃഷ്ണാനന്ദ് മല്ലാടിയെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.
“ഇത്തരത്തില്‍ വീഡിയോ ചിത്രീകരണം നടക്കുന്നുണ്ട്. പക്ഷേ പിടിക്കപ്പെട്ടാൽ അത് ഒരു കുറ്റമാണ്, കാരണം അനുമതിയില്ലാതെയാണ് ഇത് നടക്കുന്നത്. ട്രെയ്‌നിലോ പ്ലാറ്റ്‌ഫോമിലോ നൃത്തം പോലുള്ള പ്രവൃത്തികൾ അനുവദനീയമല്ല" -കൃഷ്ണാനന്ദ് മല്ലാടി പറഞ്ഞു. ഇപ്പോള്‍ വൈറലായ വീഡിയോയിൽ ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, ഇവരെ കണ്ടെത്തിയാല്‍ പിഴ ഈടാക്കും എന്നും പിആർഒ പറഞ്ഞു.
2019-ൽ, ഹൈദരാബാദ് മെട്രോ ട്രെയിനിനുള്ളിൽ മദ്യപിച്ച ബഹളം ഉണ്ടാക്കിയ ഒരു വ്യക്തിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീവണ്ടിക്കുള്ളില്‍ ഇയാള്‍ ബാറിലെന്നപോലെ ഡാന്‍സ് കളിക്കുകയും മറ്റ് യാത്രക്കാരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെയും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് ഇയാളെ അന്ന് തിരിച്ചറിഞ്ഞത്.
കുണ്ടും കുഴിയും നിറഞ്ഞ് റോഡുകൾ; ഗുജറാത്ത് മോഡലിന് വൻ തിരിച്ചടിയായി റോഡുകളുടെ ദുരവസ്ഥ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam