അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍

By Web TeamFirst Published Nov 25, 2018, 2:55 PM IST
Highlights

വയിലിനിസ്റ്റ് ബലാഭാസ്കറിന്‍റെയും  മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും  മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നൽകിയത്

അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില  മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

അതേസമയം ബാലഭാസ്ക്കറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു. വാഹനവും ഫൊറൻസിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും. രക്ഷാപ്രവർത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും  പൊലീസ് രേഖപ്പെടുത്തും.

ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിൽ വൈരുദ്ധ്യം; ശാസ്ത്രീയ പരിശോധന നടത്താന്‍ പൊലീസ്

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍: ഡ്രൈവറിന്റെ മൊഴി

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കറല്ല; ഡ്രൈവറുടെ മൊഴി തള്ളി ലക്ഷ്മി

എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. സെപ്തംബർ 25 നാണ്  നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍  മരിച്ചത്.

അതേസമയം ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

പിതാവിന്‍റെ ആവശ്യം പരിഗണിച്ച് ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി  അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു. ലോക്കല്‍ പോലീസിനാണ് അന്വേഷണ ചുമതല. പൊലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോടും ഡിജിപി നിര്‍ദേശിച്ചിരുന്നു.

പതിനേഴാം വയസ്സില്‍ സംഗീത സംവിധായകൻ, സിനിമയ്‍ക്ക് പിന്നാലെ പോകാതെ വേദിയെ പ്രണയിച്ച ബാലഭാസ്‍കര്‍

click me!