Asianet News MalayalamAsianet News Malayalam

പതിനേഴാം വയസ്സില്‍ സംഗീത സംവിധായകൻ, സിനിമയ്‍ക്ക് പിന്നാലെ പോകാതെ വേദിയെ പ്രണയിച്ച ബാലഭാസ്‍കര്‍

വയലിനില്‍ കോര്‍ത്തെടുത്ത ഒട്ടേറെ മധുര ഈണങ്ങള്‍ സമ്മാനിച്ച് ബാലഭാസ്‍കര്‍ ഓര്‍മ്മയിലായി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‍കര്‍ നാല്‍പ്പതാം വയസ്സിലാണ് വിടവാങ്ങിയത് എന്ന് അറിയുമ്പോള്‍ ആ സങ്കടത്തിന്റെ ആഴം കൂടുന്നു. ഇനിയും എത്രയത്രെ ഈണങ്ങളും പരീക്ഷണ സംഗീതവുമൊക്കെ ആ വിരലുകളില്‍ നിന്ന് വരാനിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് അത്രമേല്‍ നഷ്‍ടവും ദു:ഖവും. ചെറുപ്രായത്തില്‍ തന്നെ അറിയപ്പെട്ടെങ്കിലും പ്രശസ്‍തിയുടെ പിന്നാലെ പോകാത്തയാളുമായിരുന്നു ബാലഭാസ്‍കര്‍.

Balabaskar
Author
Thiruvananthapuram, First Published Oct 2, 2018, 11:25 AM IST

വയലിനില്‍ കോര്‍ത്തെടുത്ത ഒട്ടേറെ മധുര ഈണങ്ങള്‍ സമ്മാനിച്ച് ബാലഭാസ്‍കര്‍ ഓര്‍മ്മയിലായി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‍കര്‍ നാല്‍പ്പതാം വയസ്സിലാണ് വിടവാങ്ങിയത് എന്ന് അറിയുമ്പോള്‍ ആ സങ്കടത്തിന്റെ ആഴം കൂടുന്നു. ഇനിയും എത്രയത്രെ ഈണങ്ങളും പരീക്ഷണ സംഗീതവുമൊക്കെ ആ വിരലുകളില്‍ നിന്ന് വരാനിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് അത്രമേല്‍ നഷ്‍ടവും ദു:ഖവും. ചെറുപ്രായത്തില്‍ തന്നെ അറിയപ്പെട്ടെങ്കിലും പ്രശസ്‍തിയുടെ പിന്നാലെ പോകാത്തയാളുമായിരുന്നു ബാലഭാസ്‍കര്‍.

ബാലഭാസ്‍കറിന്റെ ജനനം 1978 ജൂലൈ 10നായിരുന്നു. അമ്മയുടെ അച്ഛൻ ഭാസ്‌കരപ്പണിക്കര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. പാരമ്പര്യത്തിലെ സംഗീതം കൈമാറുന്നതുപോലെ മുത്തച്ഛന്റെ പേരും ചേര്‍ത്തായിരുന്നു ബാലഭാസ്‍കര്‍ എന്ന് പേരിട്ടത്. അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി ശശികുമാര്‍ ആദ്യ ഗുരുവായി. മൂന്നാം വയസു മുതല്‍ വയലിൻ പഠനം. കൌമാരകാലത്തു തന്നെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ബാലഭാസ്‍കറിന് പക്ഷേ പരീക്ഷണങ്ങളോടായിരുന്നു ഇഷ്‍ടക്കൂടുതല്‍. അതുകൊണ്ടായിരിക്കാം സിനിമ അങ്ങനെ ഭ്രമിപ്പിക്കാതിരുന്നതും.

പതിനേഴാം വയസ്സില്‍ തന്നെ സിനിമ ബാലഭാസ്‍കറിലേക്ക് എത്തിയിരുന്നു. പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്‌ക്കായിട്ട് ഈണങ്ങള്‍ ഒരുക്കി. പിന്നീട് കണ്ണാടിക്കടവത്ത് എന്ന സിനിമയ്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. തുടരെ കിട്ടിയ അവസരങ്ങള്‍ സ്വീകരിക്കാതെ വേദിയില്‍ വിസ്‍മയം സൃഷ്‍ടിക്കാനായിരുന്നു പിന്നീട് ബാലഭ്സ്‍കറിന്റെ ശ്രമം. പത്തു വര്‍ഷത്തിനു ശേഷമാണ് പിന്നീട് സിനിമയുടെ പിന്നണിഗാനത്തിനായി ഈണം നല്‍കാൻ ബാലഭാസ്‍കര്‍ തയ്യാറായത്. രാജീവ്നാധിന്റെ മോക്ഷം എന്ന സിനിമയ്ക്കായിരുന്നു ഈണം നല്‍കിയത്. രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴിയിൽ പശ്ചാത്തല സംഗീതം ഒരുക്കിയ ബാലഭാസ്‍കര്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്‍തു.

കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ ബാലഭാസ്കര്‍ മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍എന്നതിനെ ചുരുക്കി കണ്‍ഫ്യൂഷന്‍ എന്നായിരുന്നു മ്യൂസിക് ബാൻഡിന്റെ പേര്. ഹിറ്റ് ഗാനങ്ങളും മ്യൂസിക് ബാൻഡിലൂടെ ബാലഭാസ്കര്‍ സംഗീതപ്രേമികളിലേക്ക് എത്തിച്ചു. പ്രണയിനി ലക്ഷ്മിക്കായി ഈണം നല്‍കിയ ‘ആരു നീ എന്നോമലേ..’ എന്ന ഗാനവും വൻ ഹിറ്റായിരുന്നു. സൂര്യ ഫെസ്റ്റിവലിന്റെ അവതരണഗാനത്തിനും ഈണം നല്‍കിയത് ബാലഭാസ്‍കറായിരുന്നു.

Follow Us:
Download App:
  • android
  • ios