'അഞ്ചിലങ്കം' വീറോടെ പൊരുതാം; ഇടതുമുന്നണിക്ക് ധൈര്യം പകര്‍ന്ന് പാലായിലെ വിജയം

By Web TeamFirst Published Sep 27, 2019, 8:23 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ഇടതുമുന്നണിക്ക് അവസരം നല്‍കുന്നതായി പാലായിലെ വിജയം. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വിജയം മുന്നണിക്ക് ധൈര്യം പകരും.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ആടിയുലഞ്ഞ സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് പാലായിലെ മാണി സി കാപ്പന്‍റെ വിജയം. മൂന്നരമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ  ശക്തികേന്ദ്രങ്ങളില്‍ പോലും വന്‍തോതിലുള്ള വോട്ട് ചോര്‍ച്ചയുണ്ടായതില്‍ പകച്ച് പോയവര്‍ക്ക്  വര്‍ധിതവീര്യത്തോടെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്ക് പോകാന്‍ കരുത്ത് പകരുന്നതാണ് പാലായിലെ ഈ വിജയം. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍  കേരളജനത അക്ഷരാര്‍ത്ഥത്തില്‍ എല്‍ഡിഎഫിനെ കാലുവാരി നിലത്തടിക്കുകയായിരുന്നു.  മലബാറിലെ സിപിഎം കോട്ടകളില്‍ വരെ യുഡിഎഫിന്‍റെ തേരോട്ടം നടന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം പകച്ചുപോയി. ഈ തിരിച്ചടി നടക്കാനിരിക്കുന്ന ആറ്  ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് പാലായില്‍ മാത്രമായി ആദ്യം  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കെഎം മാണിയുടെ പാലാ എന്നും യുഡിഎഫിന്‍റെ ശക്തികേന്ദ്രമാണ്. ജീവന്മരണ പോരാട്ടത്തിനിറങ്ങുമ്പോള്‍ യു‍ഡിഎഫിലെ തര്‍ക്കങ്ങളും മാണി സി കാപ്പനോടുള്ള ചെറിയ സഹതാപവും മാത്രമായിരുന്നു എല്‍ഡിഎഫിന്‍റെ കൈമുതല്‍.  സര്‍ക്കാരിന്‍റെ വിലയിരുത്തലായിരിക്കും തെരഞ്ഞടുപ്പെന്ന് പറഞ്ഞ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കളത്തില്‍  നിറഞ്ഞു.

 പ്രളയ പുനരധിവാസത്തിലെ വീഴ്‍ച മുതല്‍ കിഫ്ബി കിയാല്‍ വിവാദം വരെ പാലായില്‍ വിഷയങ്ങളായി. ഇതിനിടെ അഞ്ചിടങ്ങളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചപ്പോള്‍ പാലാ വിജയം അതിലേക്കുള്ള ചവിട്ടുപടിയാകുമെന്ന നിലയില്‍ ശ്രദ്ധേയമായി. ഒടുവില്‍ പാലായില്‍ ഫലം വന്നപ്പോള്‍ വിജയം എല്‍ഡിഎഫിനൊപ്പമായി.  ലോക്സഭയിലെ തിരിച്ചടി താല്ക്കാലികമെന്ന് പറയാന്‍ മുന്നണിക്ക്  ഇതിനപ്പുറം മറ്റൊരു ഉദാഹരണമുണ്ടാകില്ല. 

കേരള രാഷ്ട്രീയം ഇപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്നാണ് പാലായിലെ ഫലമറിഞ്ഞ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. ലോക്സഭാ തെര‍ഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യം മാറി. യുഡിഎഫ് കോട്ട തന്നെ പിടിച്ചെടുക്കാനായത് ഇതിന്‍റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

Read Also: കേരള രാഷ്ട്രീയം എൽഡിഎഫിന് അനുകൂലം; ഇനിയുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാലാ പ്രതിഫലിക്കുമെന്ന് കോടിയേരി

സര്‍ക്കാരിന്‍റെ സുസ്ഥിര വികസന- ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് പാലായിലെ ജനവിധിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: 'ഭരണത്തിന് ലഭിച്ച അംഗീകാരം, മുന്നോട്ട് പോകാന്‍ കരുത്ത് പകരുന്ന ജനവിധി': മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ അം​ഗീകാരമാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് സിപിഎം നേതാവ്  പ്രകാശ് കാരാട്ടും അഭിപ്രായപ്പെട്ടു. മാറ്റത്തിന്റെ രാഷ്ട്രീയവും വർഗീയ വിരുദ്ധ നിലപാടും ഉയർത്തി പിടിച്ച എല്‍ഡിഎഫിനെ ജനം അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: പാലായിലേത് ഉജ്ജ്വല വിജയം, സർക്കാരിന് ജനങ്ങൾ നൽകിയ അം​ഗീകാരമാണെന്നും പ്രകാശ് കാരാട്ട്

അടുത്ത മാസം നടക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിന് ഈ വിജയം കരുത്തു പകരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടത് പക്ഷം തകര്‍ന്നടിഞ്ഞുവെന്ന് പ്രചരിപ്പിച്ച യുഡിഎഫ് നേതാക്കള്‍ക്കുള്ള മറുപടിയാണ് പാലായിലെ ഈ വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: പാലായില്‍ സംഭവിച്ചതെന്ത്? കാനം രാജേന്ദ്രന്‍റെ വിലയിരുത്തല്‍

പുതുമുഖങ്ങളെ അണിനിരത്തി മറ്റൊരങ്കത്തിലേക്ക് പോകുന്ന എല്‍ഡിഎഫിന് പാലാ വിജയം വല്ലാത്ത കരുത്ത് പകരും. 52 വര്‍ഷത്തിനിടയിലെ ആദ്യ തോല്‍വിയെക്കുറിച്ചുള്ള പോസ്റ്റ്മോര്‍ട്ടം  യുഡിഎഫിലുണ്ടാക്കാന്‍ പോകുന്ന പുകിലുകളും എല്‍ഡിഎഫിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Read Also:പാലാ ചുവന്നു, കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിനെ പഴിക്കാം, ബിജെപിക്കോ?

click me!