തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മൂന്നര വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ജനം അംഗീകരിച്ചതിന്‍റെ ഫലമാണ് പാലാ ഉപതെരഞ്ഞെടുപ്പ് വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അടുത്ത മാസം നടക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിന് ഈ വിജയം കരുത്തു പകരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനത്തിന്‍റെ വാക്കുകള്‍

സിക്സര്‍ അടിക്കുമെന്ന് പറഞ്ഞ യുഡിഎഫിന്‍റെ ആദ്യ വിക്കറ്റ് നഷ്ടമായി

കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയതിനെ തുടര്‍ന്ന് ഇടത് പക്ഷം തകര്‍ന്നടിഞ്ഞുവെന്ന് പ്രചരിപ്പിച്ച യുഡിഎഫ് നേതാക്കള്‍ക്കുള്ള മറുപടിയാണ് പാലായിലെ ഇടത് വിജയം.പാലായില്‍ 54 വര്‍ഷത്തെ യുഡിഎഫ് കുത്തകയാണ് എല്‍ഡിഎഫ് തകര്‍ത്തിരിക്കുന്നത്.

പാലായില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തെ വികസന നേട്ടങ്ങളാണ് ഞങ്ങള്‍ പ്രചരിപ്പിച്ചത്, അതിനുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് സിക്‌സര്‍ അടിക്കുമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് ആദ്യവിക്കറ്റ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. ഇത് ചില്ലറ വിക്കറ്റൊന്നുമല്ല.

അടുത്ത മാസം നടക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിന് ഈ വിജയം കരുത്തു പകരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 66971 വോട്ടും എല്‍ഡിഎഫിന് 33499 വോട്ടുമാണ് ലഭിച്ചത്. അതാണിപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായി മാറിമറിഞ്ഞത്.യുഡിഎഫിന്റെ വോട്ട് വന്‍തോതില്‍ കുറഞ്ഞു.

ബിജെപിയുടെ വോട്ടിലും കുറവുണ്ടായി. ബിജെപിയുടെ കോട്ടയായി കേരളം മാറുമെന്ന് സ്വപ്‌നം കണ്ടിരുന്നവര്‍ക്കുള്ള തിരിച്ചടിയാണ് പാലായിലെ ഫലം. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളും നേട്ടങ്ങളും ജനപിന്തുണ ഉറപ്പിച്ചു. എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം കൂടിയാണിത്. കേരള കോണ്‍ഗ്രസിലെ തമ്മില്‍ തല്ലാണ് യുഡിഎഫ് തോല്‍വിക്ക് കാരണമെന്ന് പറഞ്ഞ് എല്‍ഡിഎഫിന്റെ വിജയത്തെ കുറച്ചു കാണരുത്. മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.