കോട്ടയം: പാലാ ചുവന്നു, 54 വര്‍ഷത്തെ ചരിത്രം തിരുത്തി മാണി സി. കാപ്പന്‍ അവിടെ ചരിത്രം കുറിച്ചു. ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും കരുത്തുറ്റ മുന്നണി അടിത്തറയും മോശം പറയാന്‍ ഏറെയൊന്നുമില്ലാത്ത സാഹചര്യവും. എല്ലാം ഒത്തുവന്നപ്പോള്‍ എതിര്‍വശത്തെ പടലപ്പിണക്കങ്ങളും വിഴുപ്പലക്കലും പരസ്യമായ അധികാര വടംവലിയും എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാക്കി. 

രാഷ്ട്രീയ വിജയം, ചരിത്ര വിജയം. വരാനിരിക്കുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പാലാ എല്‍ഡിഎഫിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. നിലവിലെ അവസ്ഥയ്ക്ക് കോട്ടമൊന്നും വരുത്താതെ മുന്നോട്ടുപോയാല്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അഹ്ലാദിക്കാനുള്ള വക നല്‍കാതിരിക്കില്ല. പ്രത്യേകിച്ചും 20ല്‍ 19ഉം തോറ്റ് പരിതാപകരമായ നില്‍ക്കുന്ന സാഹചര്യത്തില്‍. കരകയറ്റത്തിനുള്ള കരുത്തുള്ള പിടിവള്ളിയാണ് പാലാ ഇന്ന് എല്‍ഡിഎഫിനെന്ന് ചുരുക്കം.

യുഡിഎഫ് തോല്‍വിയുടെ കയ്പ്പറിഞ്ഞിരിക്കുകയാണ്. മാണിയല്ലാതെ മറ്റൊരാള്‍ വിജയക്കൊടി നാട്ടാത്ത പാലായെ അവര‍് കൈവിട്ടു. സ്വന്തം കൈവള്ളയിലിരുന്ന മണ്ഡലം കളഞ്ഞുകുളിച്ചു. എങ്കിലും കോണ്‍ഗ്രസിനും മറ്റ് ഘടകക്ഷികള്‍ക്കും കേരളാ കോണ്‍ഗ്രസിനെ പഴിച്ച് കൈകഴുകാം. അവരുടെ പല്ലിനിടയില്‍ കുത്തിയുള്ള നാറ്റത്തില്‍ ഇല്ലാതായതാണ് പാലായെന്ന് പറ‍ഞ്ഞ് സമാധാനിക്കാം. അത് അവര്‍ ചെയ്തു തുടങ്ങിയിട്ടുമുണ്ട്. മുന്നണിയില്‍ ഘടകകക്ഷികളെ നിയന്ത്രിക്കുന്നതില്‍ പരിധിയുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. 

അവരുടെ വിഴുപ്പലക്കല്‍ തോല്‍വിയിലേക്ക് നയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിഎം സുധീരനും മുരളിയും തുടങ്ങി മറ്റ് നേതാക്കളും സമാനമായി തന്നെ പ്രതികരിക്കുന്നു. മറിച്ച് യുഡിഎഫിനോട് ഇത്തിരി ശ്രദ്ധിച്ചില്ലെങ്കില്‍ ഒത്തിരി നഷ്ടപ്പെടുമെന്ന് ഓര്‍മിപ്പിച്ചത് എന്‍കെ പ്രേമചന്ദ്രന്‍ മാത്രമാണ്. അത് ഉള്‍ക്കൊണ്ടോ അല്ലാതെയോ പാലാ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പതുക്കെ അ‍ഞ്ചിലങ്കത്തിലേക്ക് യുഡിഎഫിനും ചുവടുവയ്ക്കാം. പാലായെ മറന്ന് ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ വിജയം ഓര്‍ത്ത് കരുത്ത് തീരുംമുമ്പ് തെരഞ്ഞെടുപ്പിനെത്താം.

എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞാല്‍ സാമാന്യമായും എന്‍ഡിഎയിലേക്ക് തന്നെ വരണം. ഇവിടെ ചോദ്യങ്ങള്‍ക്ക് പലതിനും ഇനിയും ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിക്ക്  കഴിഞ്ഞ തവണത്തേക്കാള്‍ ഏഴായിരത്തിലധികം വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കെടുക്കുമ്പോള്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഹരിക്ക്  24821 വോട്ടുകളാണ് ലഭിച്ചത്. അത് 2019ലേക്ക് എത്തുമ്പോല്‍ 18044 വോട്ടുകളായി ചുരുങ്ങുകയും ചെയ്തു.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ 26533 വോട്ട് ലഭിച്ച സാഹചര്യത്തിലാണിത്. 

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വോട്ടുമറി ആരോപണങ്ങള്‍ ബിജെപിക്ക് നേരെ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്താക്കപ്പെട്ട ബിജെപി പാലാ മണ്ഡലം പ്രസിഡന്‍റും ആരോപണവുമായി രംഗത്തെത്തി. ചരിത്രത്തിലാധ്യമായി പാല ചുവക്കുമ്പോള്‍  രാമപുരം പഞ്ചായത്തു മുതല്‍ ബിജെപിക്ക് ചോദ്യങ്ങളുണ്ട്. രാമപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അധികമായി കിട്ടിയ വോട്ടുകള്‍ ആരുടേതാണ്. എന്‍ഡിഎ വോട്ടുവിഹിതത്തിലുണ്ടായ കുറവ് ബിജെപിയില്‍ നിന്നോ? ഘടകകക്ഷിയായ ബിഡിജെഎസില്‍ നിന്നോ? എന്നതാണ് ആദ്യത്തേത്. ഇത്തരത്തില്‍ പ്രാദേശികമായി വോട്ട് കുറഞ്ഞത് ബിജെപിക്ക് പരിശോധിക്കേണ്ടി വരും.

ശബരിമലയും ഭരണവീഴ്ചകളും  പ്രചാരണ വിഷയമായി, ദേശീയ നേതാക്കളടക്കമുള്ളവര്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും പ്രചാരണത്തെ അത് കാര്യമായി ബാധിച്ചതുമില്ല... എന്നിട്ടും വോട്ട് വിഹിതം കൂട്ടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഏഴായിരത്തോളം വോട്ടുകള്‍ കുറയുകയും ചെയ്തു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത്. മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുമ്പോള‍് ബിജെപിക്ക് മുന്നില്‍ കടുത്ത ചോദ്യചിഹ്നമാകും പാലാ എന്നതില്‍ തര്‍ക്കമില്ല. 

പണം വാങ്ങി സ്ഥാനാര്‍ത്ഥി വോട്ട് മറിച്ചെന്ന് പാലാ  നിയോജകമണ്ഡലം മുന്‍ ബിജെപി പ്രസിഡന്‍റിന്‍റെ ആരോപണവും ഘടകക്ഷികളുടെ വോട്ടുവിഹിതവും എല്ലാം ബിജെപിക്ക് പരിശോധിക്കേണ്ടി വരും. ഇത് ഒരു മാസത്തിനുള്ളില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പ് വേണം എന്നുള്ളതുകൊണ്ടുതന്നെ ബിജെപിക്ക് മുന്നിലുള്ളത് ചെറിയ വെല്ലുവിളിയല്ല.