കണ്ണൂർ: പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം എൽഡിഎഫ് സർക്കാരിന് ജനങ്ങൾ നൽകിയ അം​ഗീകാരമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്.  മാറ്റത്തിന്റെ രാഷ്ട്രീയവും വർഗീയ വിരുദ്ധ നിലപാടും ഉയർത്തി പിടിച്ചതിനെ ജനം അംഗീകരിച്ചുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പാലായിലേത് ഉജ്ജ്വല വിജയമാണെന്നും ഈ വിജയം അം​ഗീകരിക്കേണ്ടതാണെന്നും കാരാട്ട് വ്യക്തമാക്കി. അടുത്ത അഞ്ച് നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും പാലായിലെ വിജയം പ്രതിഫലിക്കുമെന്നും കാരാട്ട് പറഞ്ഞു. യുഡിഎഫിലെ തർക്കം അവരുടെ ആഭ്യന്തര കാര്യമാണെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

54 വര്‍ഷത്തെ ചരിത്രമാണ്  പാലായിൽ മാണി സി കാപ്പൻ തിരുത്തിയെഴുതിയത്. 42.31 ശതമാനം വോട്ട് വിഹിതം നേടിയ മാണി സി കാപ്പന് ആകെ 54137 വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് 51194 വോട്ടുകള്‍ ലഭിച്ചു. 18044 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി മൂന്നാം സ്ഥാനത്തും എത്തി.    

Read More: പിളരുന്തോറും വളര്‍ന്നു, മാണിയുടെ വിയോഗത്തോടെ 'തളര്‍ന്ന്' കേരള കോണ്‍ഗ്രസ്; പാലായ്ക്ക് ഇനി പുതിയ നായകന്‍