തിരുവനന്തപുരം: കേരള രാഷ്ട്രീയം ഇപ്പോൾ എൽഡിഎഫിന് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭാ തെര‍ഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യം മാറിയെന്നും. യുഡിഎഫ് കോട്ട തന്നെ പിടിച്ചെടുക്കാനായത് ഇതിന്‍റെ തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഊർജ്ജം നൽകുന്ന ജനവിധിയാണ് പാലയിലുണ്ടായിരിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.

വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾക്കുള്ള സന്ദേശം കൂടിയാണ് പാലായിലെ ജനവിധിയെന്ന് കൂട്ടിച്ചേർത്ത കോടിയേരി എൽഡിഎഫിന്‍റെ അടിത്തറ ശക്തമാണെന്ന് തെര‍ഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായെന്ന് അവകാശപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായാണ് ജനവിധിയെന്ന് ചൂണ്ടിക്കാട്ടിയ കോടിയേരി വോട്ടർമാർ പ്രവചനങ്ങൾക്ക് പിന്നാലെയല്ലെന്നും മനസിലായില്ലേയെന്നും ചോദിച്ചു.

യുഡിഎഫ് വൻതോക്കുകൾ ദിവസങ്ങളോളം പാലാ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലന്ന് പറഞ്ഞ  കോടിയേരി. ബിജെപി വോട്ടുകൾ വിലയ്ക്ക് വാങ്ങിയിട്ട് പോലും യുഡിഎഫിന് ഗുണമുണ്ടായില്ലെന്ന് പരിഹസിച്ചു. ബിജെപി വോട്ടിംഗ് ദിവസത്തിൽ വോട്ട് മറിച്ചുവെന്ന നേരത്തെയുള്ള ആരോപണം ഫലപ്രഖ്യാപനത്തിന് ശേഷവും കോടിയേരി ആവർത്തിച്ചു. ഇടത് പക്ഷ സ്ഥാനാർത്ഥി മാണി സി കാപ്പനുള്ള അംഗീകാരമാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറ‍ഞ്ഞ കോടിയേരി, ബിഡിജെഎസിന്‍റെ പിന്തുണ എൻഡിഎക്കായിരുന്നെങ്കിലും എസ്എൻഡിപിയുടെ പിന്തുണ മാണി സി കാപ്പനായിരുന്നുവെന്ന് വ്യക്തമാക്കി.

യുഡിഎഫ് പൂർണ്ണമായു തകർന്നുവെന്ന് വേണം ജനവിധിയിൽ നിന്ന് മനസിലാക്കാൻ എന്ന് പറഞ്ഞ കോടിയേരി, ഇത് പൂർണ്ണമായും സർക്കാർ അനുകൂല ജനവിധിയാണെന്ന് അഭിപ്രായപ്പെട്ടു. ശബരിമല പ്രഭാവം തണുത്തുവെന്ന് പറ‍ഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഇനിയുള്ള ഉപതെര‍ഞ്ഞെടുപ്പുകളിൽ ശബരിമല ‍ചർച്ചയാകില്ലെന്നും വ്യക്തമാക്കി.