നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; യുഎഇയില്‍ പ്രവാസി വനിതക്കെതിരെ നടപടി

By Web TeamFirst Published Aug 24, 2022, 3:13 PM IST
Highlights

മകന് സുഖമില്ലെന്നും നാട്ടിലേക്ക് പോകണമെന്നുമാണ് വീട്ടുജോലിക്കാരി തന്റെ വനിതാ സ്‍പോണ്‍സറോട് പറഞ്ഞത്. ഇതനുസരിച്ച് ദുബൈ വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വാഹനവും വിളിച്ച് നല്‍കി. ടാക്സി കൂലിയായി 300 ദിര്‍ഹമാണ് സ്‍പോണ്‍സര്‍ കൊടുത്തത്. 

റാസല്‍ഖൈമ: നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ച പ്രവാസി വനിതയ്‍ക്കെതിരെ യുഎഇയില്‍ കോടതി വിധി. റാസല്‍ഖൈമയിലായിരുന്നു സംഭവം. വിസ പുതുക്കുന്നതിനും മറ്റ് ചെലവുകള്‍ക്കും സ്‍പോണ്‍സര്‍ക്ക് ചെലവായ തുക വീട്ടുജോലിക്കാരി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

മകന് സുഖമില്ലെന്നും നാട്ടിലേക്ക് പോകണമെന്നുമാണ് വീട്ടുജോലിക്കാരി തന്റെ വനിതാ സ്‍പോണ്‍സറോട് പറഞ്ഞത്. ഇതനുസരിച്ച് ദുബൈ വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വാഹനവും വിളിച്ച് നല്‍കി. ടാക്സി കൂലിയായി 300 ദിര്‍ഹമാണ് സ്‍പോണ്‍സര്‍ കൊടുത്തത്. എന്നാല്‍ യാത്ര തുടങ്ങിയ ശേഷം, തന്നെ വിമാനത്താവളത്തില്‍ അല്ല എത്തിക്കേണ്ടതെന്നും ദുബൈയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോകേണ്ടതെന്നും ഇവര്‍ ഡ്രൈവറോട് പറഞ്ഞു. വീട്ടുജോലിക്കാരി രാജ്യം വിട്ട് പോകേണ്ട സമയം കഴിഞ്ഞിട്ടും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സന്ദേശം ലഭിക്കാതെ വന്നപ്പോഴാണ് സ്‍പോണ്‍സര്‍ അന്വേഷിച്ചത്.

Read also:  പ്രവാസികളെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ 11 അംഗ സംഘം അറസ്റ്റില്‍

ജോലിക്കാരി രാജ്യം വിട്ട് പോയിട്ടില്ലെന്നും ദുബൈയിലുണ്ടെന്നും മനസിലായപ്പോള്‍ പരാതി നല്‍കി. ജോലിക്കാരിയുടെ വിസ പുതുക്കാനും ടിക്കറ്റിനുമായി തനിക്ക് 4800 ദിര്‍ഹം ചെലവായെന്ന് സ്‍പോണ്‍സര്‍ കോടതിയെ അറിയിച്ചു. ഈ പണവും, നിയമ നടപടികള്‍ക്ക് ചെലവായ തുകയും ജോലിക്കാരി സ്‍പോണ്‍സര്‍ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. സ്‍പോണ്‍സറിന് വേണ്ടി ജോലി ചെയ്യാമെന്നുള്ള കരാര്‍ ലംഘിച്ചതായി സിവില്‍ കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി തനിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നുവെന്ന് സ്‍പോണ്‍സര്‍ പരാതിയില്‍ പറഞ്ഞു. അടുത്തിടെ തന്റെ തൊഴില്‍ കരാര്‍ പുതുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കരാര്‍ പുതുക്കിയ ശേഷമാണ് ഇവര്‍ മകന് അസുഖമാണെന്ന് പറഞ്ഞ് നാട്ടിലേക്ക് പോകണമെന്ന് അറിയിച്ചത്. എന്നാല്‍ രാജ്യം വിട്ട് പോവുകയോ തിരികെ വന്ന് ജോലി ചെയ്യുകയോ ചെയ്തില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിധി. വിസ പുതുക്കുന്നതിനും ടിക്കറ്റെടുക്കുന്നതിനും ചെലവായ 4800 ദിര്‍ഹവും ടാക്സി വിളിച്ചതിന് ചെലവായ 300 ദിര്‍ഹവും ജോലിക്കാരി, സ്‍പോണ്‍സറിന് തിരികെ നല്‍കണം. ഒപ്പം കോടതി ചെലവുകളും അവര്‍ വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 

Read also: യുഎഇയില്‍ 180 ദിവസം വരെ താമസിക്കാന്‍ ഓണ്‍ അറൈവല്‍ വിസ; യോഗ്യതയുള്ളത് ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്

click me!