
ആലപ്പുഴ: ഹൂതി ആക്രമണത്തിൽ യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ നിന്ന് കാണാതായ മലയാളിയായ കായംകുളം പത്തിയൂർ സ്വദേശി ആര്‍ അനിൽ കുമാർ സുരക്ഷിതന്‍. അനില്‍കുമാര്‍ കുടുംബത്തോട് ഫോണില്‍ സംസാരിച്ചു. താന്‍ യെമനിലുണ്ടെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
യെമനില്‍ നിന്നാണ് അനില്‍കുമാര്‍ ഭാര്യ ശ്രീജയെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ഫോൺവിളിക്കിടെ അനില്‍കുമാര്‍ മകന്‍ അനുജിനോടും സംസാരിച്ചതായാണ് വിവരം. യെമനിലുണ്ടെന്ന് അനില്‍കുമാര്‍ ഭാര്യയോട് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45നാണ് അനില്‍കുമാര്‍ ശ്രീജയുടെ ഫോണിലേക്ക് വിളിച്ചത്. അനിൽകുമാർ യെമനിലുണ്ടെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇദ്ദേഹം യമൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണോ അതോ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണോ എന്നു വ്യക്തമല്ല. അനിൽ ഫോൺവിളിച്ച വിവരം ശ്രീജ എംബസി അധികൃതരെ അറിയിച്ചു. യെമനില്‍ നിന്ന് വിളിച്ച ഫോൺ നമ്പറും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. യെമനില്‍ ഇന്ത്യന്‍ എംബസിയില്ലാത്തതിനാല്‍ സൗദിയിലെ എംബസിക്കാണ് നടപടിക്രമങ്ങളുടെ ചുമതല.
ഈ മാസം 7 നാണ് ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫിസറായ അനിൽകുമാറടക്കം 11 പേരെ കാണാതായത്. യെമൻ തീരത്തിന് സമീപം ചെങ്കടലിൽ എന്റർനിറ്റി സി എന്ന കപ്പലിന് നേരെ ഹൂതി ആക്രമണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് കായംകുളത്തെ വീട്ടിൽ അനിൽകുമാർ രവീന്ദ്രനെ കാണാനില്ലെന്ന വിവരം എത്തുന്നത്. രക്ഷപ്പെടാൻ കപ്പൽ നിന്ന് കടലിൽ ചാടിയവരുടെ കൂട്ടത്തിൽ അനിൽ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യൻ എംബസി നേരത്തെ കുടുംബത്തെ അറിയിച്ചത്. 21 പേരുണ്ടായിരുന്ന കപ്പലിൽ അനിൽ കുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു മലയാളികൾ. രക്ഷപ്പെട്ട അഗസ്റ്റിൻ നാട്ടിലെത്തി. മുൻ സൈനികനായ അനിൽ കുമാർ അഞ്ച് വർഷമായി മർച്ചന്റ് നേവിയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam