18 വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.
ദുബൈ: പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ. 18 വയസ്സിന് താഴെയുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും. ഇത്തരം ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികൾ കാരണമുള്ള ക്രിമിനൽ റിസ്ക് പരിശോധിച്ചറിയാനുള്ള അധികാരങ്ങളും വിപുലീകരിച്ചു.
പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയ്ക്ക് കൂടുതൽ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. സമ്മതപ്രകാരമോ അല്ലാതെയോ ആയാലും പ്രായപൂർത്തിയാകാത്ത ഏതൊരാൾക്കുമെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ ശിക്ഷ കടുപ്പിച്ചു. ഇത്തരത്തിൽ കുറ്റകൃത്യത്തിലേർപ്പെടുന്ന പ്രായപൂർത്തിയായ ആൾക്ക് 10 വർഷത്തിൽ കുറയാത്ത തടവും 1 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ലഭിച്ചേക്കും. 18 വയസ്സിന് താഴെയുള്ളവർ പരസ്പരം സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഇത് ജുവനൈൽ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കൽ, വശീകരിക്കൽ, നിർബന്ധിക്കൽ എന്നീ കുറ്റങ്ങൾക്ക് 2 വർഷത്തിൽ കുറയാത്ത തടവും പിഴയും ലഭിച്ചേക്കും. ഇരയാക്കപ്പെട്ടത് 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ ശിക്ഷ കടുക്കും.
കുറ്റവാളികളുടെ ശിക്ഷാ കാലയളവ് കഴിഞ്ഞാലും അധിക നടപടിക്ക് വേണമെങ്കിൽ പ്രോസിക്യൂഷന് ആവശ്യപ്പെടാം. തുടർന്നും ഇയാളിൽ നിന്ന് ക്രിമിനൽ സ്വഭാവമുണ്ടെന്ന് ബോധ്യമായാൽ ഇലക്ട്രോണിക് നിരീക്ഷണം, പുനരധിവാസ, ചികിത്സ പരിഹാര മാർഗങ്ങൾ എന്നിവയ്ക്ക് നിർദേശിക്കാം. ഇത്തരം കുറ്റവാളികളിൽ നിന്ന് സമൂഹത്തിനുള്ള ഭീഷണി വ്യവസ്ഥാപിത മാർഗങ്ങളിലൂടെ പരിശോധിച്ചറിയാൻ കോടതികൾക്കുള്ള സൗകര്യം വിശാലമാക്കിയിട്ടുണ്ട്.


