കേട്ടും സ്‍പര്‍ശിച്ചും അറിഞ്ഞ ലോകം; അകക്കണ്ണില്‍ പതിഞ്ഞ അനുഭവങ്ങള്‍ പുസ്‍തകത്തിലേക്ക് പകര്‍ത്തി ഇന്ദുലേഖ

By Jojy JamesFirst Published Jan 25, 2023, 11:14 PM IST
Highlights

കഴിഞ്ഞ ഷാര്‍ജ പുസ്തകോൽസവത്തിലാണ് ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മകൾ വായനക്കാരിലേക്കെത്തിയത്. ലിപി ബുക്ക്സ് ആണ് പ്രസാധകര്‍. 

കാഴ്ചയല്ല, കേൾവിയും സ്പര്‍ശനവുമാണ് ഇന്ദുലേഖയുടെ ലോകം. കണ്ടറിവുകളും കേട്ടറിവുകളുമാണ് ഇന്ദുലേഖയുടെ ജീവിതം. ആ ജീവിതം സമ്മാനിച്ച അനുഭവങ്ങളാണ് ഈ പുസ്തകം. ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മകൾ. നമ്മൾ പലപ്പോഴും മറക്കണമെന്ന് ആഗ്രഹിക്കുന്ന ഓര്‍മകളെ പോലും പ്രിയപ്പെട്ട ഓര്‍മകളായി ഇന്ദുലേഖ ചേര്‍ത്ത് നിര്‍ത്തുന്നു. അപ്രതീക്ഷിതമായി അനുഭവിക്കേണ്ടി വന്ന ജയില്‍ വാസം പോലും ഒരു നല്ല ഓര്‍മായായി സൂക്ഷിക്കാനാണ് അവര്‍ക്ക് ഇഷ്ടം. ഒരുപാട് മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ആ ജയിലനുഭവമായിരുന്നു.

അങ്ങനെ മനസിലടുക്കി വച്ച ഒരുപാട് ഓര്‍മകളുണ്ട് ഈ പുസ്തകത്തില്‍. പക്ഷേ കാഴ്ചശക്തിയില്ലാത്തതിനാല്‍ ആ ഓര്‍മകളെ പുസ്കതത്തിലേക്ക് പകര്‍ത്തുക എളുപ്പമായിരുന്നില്ല. മനസില്‍ അടുക്കി വച്ച ഓര്‍മകൾ മറ്റൊരാൾക്ക് പറഞ്ഞു കൊടുത്തു എഴുതുകയായിരുന്നു. കഴിഞ്ഞ ഷാര്‍ജ പുസ്തകോൽസവത്തിലാണ് ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മകൾ വായനക്കാരിലേക്കെത്തിയത്. ലിപി ബുക്ക്സ് ആണ് പ്രസാധകര്‍. ഗ്ലൂക്കോമ ബാധിച്ച് വളരെ ചെറുപ്പത്തിലേ തന്നെ കാഴ്ച ശക്തി നഷ്ടപ്പെട്ടെങ്കിലും ഇന്ദുലേഖ തളര്‍ന്നില്ല. രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കി. 

അധ്യാപികയായി ജോലിനോക്കുമ്പോഴാണ് പ്രവാസി മലയാളിയായ മുരളിധരന്റ വിവാഹാലോചന വരുന്നത്. അന്ന് മുതൽ ഇന്ദുലേഖയുടെ കണ്ണും കാഴ്ചയുമായി മുരളീധരനുണ്ട്. കാഴ്ചശക്തിയില്ലെങ്കിലും ഓഡിയോ ബുക്കുകളായും മറ്റും പരമാവധി സാഹിത്യസൃഷ്ടികൾ കേട്ടറിയാന്‍ സമയം കണ്ടെത്തുന്നു. ഇപ്പോൾ പുതിയ പുസ്തകത്തിന്റെ ആശയങ്ങൾ മനസിൽ അടുക്കി വയ്ക്കുകയാണ് ഇന്ദുലേഖ. ആ ഓര്‍മകളും അനുഭവങ്ങളുമെല്ലാം ചേര്‍ന്ന് പുതിയ നോവല്‍ തയാറാക്കാനുള്ള ശ്രമത്തിലാണ് ഇന്ദുലേഖ.
 

Read also: പ്രവാസത്തിന്റെ വേദനകളും അമ്മയുടെ സ്‍നേഹവും പ്രമേയമാക്കിയ സംഗീത ആൽബത്തിന് മികച്ച പ്രതികരണം

click me!