സൗദിയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി

By Web TeamFirst Published Apr 20, 2022, 10:16 PM IST
Highlights

ഹുറൂബ് രജിസ്റ്റര്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി. തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിദേശ തൊഴിലാളിയെ കാണാതായി എന്ന് സൗദി തൊഴിലുടമക്ക് പരാതിപ്പെടാനുള്ള 'ഹുറൂബ്' സംവിധാനത്തിന്റെ വ്യവസ്ഥകളാണ് പുതുക്കിയത്.

ഹുറൂബ് രജിസ്റ്റര്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെട്ടതിന് ശേഷം ഹുറൂബ് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹുറൂബ് റദ്ദാക്കുമ്പോള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട വ്യവസ്ഥകളുമുണ്ട്. ഹുറൂബിന്റെ യഥാര്‍ഥ റിപ്പോര്‍ട്ടിങ് ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് ചെയ്യേണ്ടത്. വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുകയും വ്യവസ്ഥകള്‍ പൂര്‍ണമാകുകയും പാലിക്കുകയും ചെയ്താല്‍ ബ്രാഞ്ച് വഴി രജിസ്റ്റര്‍ ചെയ്യാനാകും.

ബന്ധപ്പെട്ട വകുപ്പ് അപേക്ഷയിന്മേല്‍ പഠനം നടത്തണമെന്ന് വ്യവസ്ഥയിലുണ്ട്. സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആളുകളുടെ എണ്ണം, ഹുറൂബാക്കപ്പെടേണ്ട തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോര്‍ട്ട്, തൊഴിലുടമക്കെതിരെ തൊഴിലാളിയുടെ പരാതിയുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവ പഠന വിധേയമാക്കേണ്ടതുണ്ടെന്നും വ്യവസ്ഥയിലുണ്ട്. 


 

click me!