പ്രവാസികൾ വരുമ്പോഴും ആശയക്കുഴപ്പം തീരുന്നില്ല, ക്വാറന്‍റൈനിലും സൗകര്യങ്ങളിലും അവ്യക്തത

By Web TeamFirst Published May 7, 2020, 3:50 PM IST
Highlights

മടങ്ങിയെത്തുന്ന പ്രവാസികളെ എത്ര ദിവസം ക്വാറന്‍റൈനിൽ പാർപ്പിക്കണം എന്നത് മുതൽ പണം നൽകി ഹോട്ടലുകളോ റിസോർട്ടുകളോ നൽകുന്നത് വരെയുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.

തിരുവനന്തപുരം: കേരളത്തിലെത്തുന്നവരിൽ നിന്നും പണം ഈടാക്കി സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം. ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. അതേസമയം മടങ്ങിയത്തിയവർ ആവശ്യപ്പെട്ടാൽ പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇതേ കാര്യം തന്നെയാണ് ഇന്ന് പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും പറയുന്നത്. 

ഇതിനൊപ്പം പ്രവാസികളുടെ സർക്കാർ ക്വാറന്‍റൈൻ കാലാവധി സംബന്ധിച്ചും അനിശ്ചിതത്വം ഒഴിയുന്നില്ല. പരിശോധനയിൽ ഏഴാം ദിവസം കൊവിഡില്ലെന്ന് തെളിഞ്ഞാൽ വീട്ടിലേക്ക് മടങ്ങാം എന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പറയുമ്പോഴും സർക്കാർ ഉത്തരവിൽ ഇപ്പോഴും പതിനാല് ദിവസമാണ്. ചീഫ് സെക്രട്ടറി തന്നെ പുറത്തിറക്കിയ ഉത്തരവിലാണ് ഈ വൈരുദ്ധ്യം. പ്രവാസികൾ നാട്ടിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ക്വാറന്‍റൈനുൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശമിറങ്ങുന്നില്ല എന്നത് പ്രവാസികളെത്തന്നെ ആശയക്കുഴപ്പത്തിലാക്കുകയാണ്.

Read more at: പ്രവാസികളുടെ മടങ്ങിവരവ്; സംസ്ഥാനം പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

''പുറത്ത് നിന്ന് വരുന്നവർ എല്ലാവരും ക്വാറന്‍റീനിൽ പോകുന്നവരാണ്. ഏഴ് ദിവസം അവർ സർക്കാർ നിർദേശിക്കുന്ന ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് പോകണം. അവിടെ ഏഴാം ദിവസം ഇവർക്ക് പിസിആർ ടെസ്റ്റ് നടത്തും. അതിൽ കൊവിഡ് പോസിറ്റീവായവരെ ആശുപത്രിയിലാക്കും. ബാക്കിയുള്ളവർ ഹോം ക്വാറന്‍റീനിൽ പോകണം'', എന്നാണ് ഇന്നലെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇത് പറഞ്ഞത്. എന്നാൽ ചീഫ് സെക്രട്ടറി തന്നെ പുറത്തിറക്കിയ ഉത്തരവിൽ സർക്കാർ കേന്ദ്രത്തിലെ നിർബന്ധിത ക്വാറന്‍റൈൻ (Institutional Quarantine) 14 ദിവസമാണ്. ഇതാണ് ആശയക്കുഴപ്പത്തിന് വഴിവയ്ക്കുന്നത്. 

എന്നാൽ ഇന്ന് രാവിലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ചീഫ് സെക്രട്ടറി കാലാവധി വീണ്ടും മാറ്റിപ്പറഞ്ഞു. ഉച്ചയ്ക്ക് പറഞ്ഞതും നിർബന്ധിത കേന്ദ്രങ്ങളിലെ ക്വാറന്‍റൈൻ ഏഴ് ദിവസം എന്ന് തന്നെ. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പരിശോധിക്കുമെന്ന് മാത്രമാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. എന്നാൽ ഇതുവരെ ഉത്തരവ് തിരുത്തി ഇറക്കിയിട്ടില്ല. 

Read more at: മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എന്തെല്ലാം? വിശദമായ മാർഗരേഖ പുറത്തിറക്കി സർക്കാർ

ഔദ്യോഗിക രേഖകളിൽ പ്രവാസികളുടെ സർക്കാർ നിരീക്ഷണ കാലയളവ് പതിനാല് ദിവസമായി തുടരുന്നു. ക്വാറന്‍റൈൻ സംസ്ഥാനസർക്കാരിന്‍റെ ഉത്തരവാദിത്തമായതിനാൽ സർക്കാർ കേന്ദ്രങ്ങളിൽ കഴിയേണ്ട നിരീക്ഷണ ദിനങ്ങൾ സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ നിരീക്ഷണ ദിനങ്ങൾ സംബന്ധിച്ച് ഐസിഎംആർ നിർദ്ദേശങ്ങൾ ഒരു സംസ്ഥാനത്തിന് അവഗണിക്കാൻ കഴിയുമോ എന്നതിൽ അവ്യക്തതകളേറെ. ഇത് നിലനിൽക്കെയാണ് ഓദ്യോഗിക ഉത്തരവിലെ ഈ വൈരുദ്ധ്യവും ശ്രദ്ധേയമാകുന്നത്.

പണം നൽകി ക്വാറന്‍റൈൻ കേന്ദ്രങ്ങളില്ലേ?

നാട്ടിലേക്ക് മടങ്ങിയെത്തുന്നവർ പണം നൽകിയാൽ മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ അനുവദിക്കാൻ സർക്കാർ തയ്യാറെടുത്തിരുന്നു. സ്വകാര്യ ഹോട്ടലുകളും വീടുകളും കണ്ടെത്തി പട്ടികയും പുറത്തിറക്കി. പക്ഷേ ഇതിൽ വ്യക്തത വരാത്ത നിരവധി കാര്യങ്ങൾ ഇപ്പോഴുമുണ്ട്. സ്വകാര്യ ഇടത്ത് താമസം വേണമെങ്കിൽ, പണം നൽകേണ്ടത് എങ്ങനെ, ക്വാറന്‍റൈൻ കേന്ദ്രം തെരഞ്ഞെടുക്കാൻ കഴിയുമോ എന്നതിൽ സർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലരും സർക്കാർ അനുമതിക്കായി കാക്കുകയാണ്. ഇന്ന് രാത്രി പ്രവാസികൾ കൂടി മടങ്ങി വരുമെന്നിരിക്കെ നിലവിൽ അത്തരം സൗകര്യങ്ങൾ ഉണ്ടാകില്ലെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.

ഇനി പൊതുഭരണവകുപ്പ് ഇന്നലെ ഇറക്കിയ ഈ ഉത്തരവ് നോക്കാം. സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ ലഭ്യത അനുസരിച്ച് അനുവദിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ മന്ത്രി പറയുന്നത് മറ്റൊന്നാണ്. ഇതാണ് ആശയക്കുഴപ്പം കൂട്ടുന്നത്. കേന്ദ്ര മാർഗനിർദ്ദേശം പിന്തുടർന്ന് മടങ്ങി വരുന്നവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ മാത്രം പാർപ്പിക്കുന്നതാണ് പ്രായോഗികമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ഹോട്ടലുകൾ അടക്കം ജില്ലകളിൽ കണ്ടെത്തിയ പ്രത്യേക കേന്ദ്രങ്ങളുടെ വാടക നിരക്ക് അടക്കം തീരുമാനിക്കാത്തതും സ്വകാര്യ ക്വാറന്‍റൈൻ അനിശ്ചിതത്വത്തിലാക്കുന്നു.

click me!