Asianet News MalayalamAsianet News Malayalam

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എന്തെല്ലാം? വിശദമായ മാർഗരേഖ പുറത്തിറക്കി സർക്കാർ

സുരക്ഷിതരായി പ്രവാസികളെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാരിന്‍റെ മാർഗരേഖയിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളവും മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികൾക്ക് പുറമേ, ജില്ലാ ഭരണകൂടങ്ങളും പൊലീസും വിമാനത്താവള അധികൃതരും അടക്കം ബന്ധപ്പെട്ട എല്ലാ അധികാരികളും പാലിക്കേണ്ട നിർദേശങ്ങളാണ് മാർഗരേഖയിലുള്ളത്. 

covid 19 what non resident keralites should do once they returned to kerala
Author
Thiruvananthapuram, First Published May 6, 2020, 9:07 PM IST

തിരുവനന്തപുരം: പ്രവാസികളുടെ മടക്കം സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറക്കി സംസ്ഥാനസർക്കാർ. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും 14 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാനമാർഗരേഖയിൽ പറയുന്നു. ഗർഭിണികൾ, 75 വയസ്സിന് മുകളിലുള്ളവർ, മറ്റൊരാളുടെ സഹായം ആവശ്യമുള്ളവർ, മരണാനന്തരച്ചടങ്ങുകൾക്കായി എത്തിയവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്നില്ല. പക്ഷേ, ഇവരെല്ലാം നി‍ർബന്ധമായും ഹോം ക്വാറന്‍റൈൻ പാലിക്കണം. മെഡിക്കൽ അടിയന്തരാവശ്യങ്ങൾക്കായി എത്തിയവർക്ക് പ്രത്യേക പരിശോധന നടത്തി, രേഖകളടക്കം പരിശോധിച്ച ശേഷം മെഡിക്കൽ ടീം നിർദേശിച്ചാൽ മാത്രമേ ഇളവ് നൽകൂ.

സംസ്ഥാനസ‍ർക്കാർ നിർദേശിക്കുന്ന വിശദമായ മാർഗരേഖ ഇങ്ങനെയാണ്:

1. നാട്ടിലേക്ക് മടങ്ങാനായി എംബസികളിൽ റജിസ്റ്റർ ചെയ്തവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം നൽകിയ പട്ടികയും ലഭിച്ചാലുടൻ അത് നോർക്കാ റൂട്ട്സ് സംസ്ഥാന ദുരന്തനിവാരണഅതോറിറ്റിയ്ക്കും ബന്ധപ്പെട്ട എല്ലാ ജില്ലാ കളക്ടർമാർക്കും അയക്കേണ്ടതാണ്. സ്വന്തം ജില്ലകളിലേക്ക് തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണം ജില്ലാ കളക്ടർമാർ അത്തരത്തിൽ വ്യക്തമായി കണക്കുകൂട്ടി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

2. എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നിർബന്ധമാണ്. അത് കേന്ദ്രസർക്കാർ ഉത്തരവാണ്. വിമാനത്താവളത്തിലോ തുറമുഖത്തിലോ വന്നിറങ്ങുന്നവർ എല്ലാവർക്കും ആരോഗ്യവകുപ്പ് കർശനപരിശോധന നടത്തുന്നതാണ്. കൊവിഡ് 19 ലക്ഷണങ്ങളുണ്ടോ എന്ന് കർശനമായും പരിശോധിക്കുന്നതാണ്.

3. എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അവർക്ക് വിശദമായ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടത്ര അവശതയുണ്ടെങ്കിൽ അങ്ങോട്ടേക്ക് മാറ്റും. ലക്ഷണങ്ങളൊന്നുമില്ലെങ്കിൽ സർക്കാർ തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളിൽ ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറ്റും.

4. ഏത് ജില്ലയിലേക്കാണോ എത്തിയത് അതാത് ജില്ലാ ആസ്ഥാനങ്ങളിൽത്തന്നെയാകും പരമാവധി ക്വാറന്‍റീൻ കേന്ദ്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അവിടെ കർശനമായി ക്വാറന്‍റൈനിനുള്ള എല്ലാ സൗകര്യങ്ങളും തയ്യാറായിരിക്കും.

5. സർക്കാർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറുന്നതിൽ നിന്ന് ഇളവുകളുള്ളത് താഴെപ്പറയുന്നവർക്ക് മാത്രമാണ്:

a) ഗർഭിണികൾ
b) 75 വയസ്സിന് മുകളിലുള്ളവർ
c) മറ്റൊരാളുടെ സഹായം ആവശ്യമുള്ളവർ
d) മരണാനന്തരച്ചടങ്ങുകൾക്കായി എത്തിയവർ
e) 10 വയസ്സിന് താഴെയുള്ള കുട്ടികൾ
f) മെഡിക്കൽ അടിയന്തരാവശ്യങ്ങൾക്കായി എത്തിയവർക്ക് പ്രത്യേക പരിശോധന നടത്തി, രേഖകളടക്കം പരിശോധിച്ച ശേഷം മെഡിക്കൽ ടീം നിർദേശിച്ചാൽ മാത്രമേ ഇളവ് നൽകൂ.

6. വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ കളക്ടർമാർ ഇവരെ കൊണ്ടുപോകേണ്ട വാഹനങ്ങൾ ഗതാഗതവകുപ്പുമായി ഏകോപിപ്പിച്ച് തയ്യാറാക്കണം.

7. വരുന്ന എല്ലാ പ്രവാസികൾക്കും (നേരത്തേ പറഞ്ഞ ഇളവുകൾ ഉള്ളവർ ഒഴികെ) 14 ദിവസം സർക്കാർ നിർദേശിക്കുന്ന ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്നത് നിർബന്ധമാണ്.

8. ഇളവുകൾ ഉള്ളവരെല്ലാവരും നിർബന്ധമായും 14 ദിവസം ഹോം ക്വാറന്‍റൈൻ, അഥവാ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നത് നിർബന്ധമാണ്.

9. ഹോം ക്വാറന്‍റീനിൽ പോകാൻ നിർദേശിച്ചിട്ടുള്ളവർക്ക് സ്വന്തം വാഹനത്തിലും പോകാവുന്നതാണ്. പക്ഷേ എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

10. ഹോം ക്വാറന്‍റീനിൽ പോയ ആളുകളോട് കൃത്യമായി എങ്ങനെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്നും, മറ്റുള്ളവരുമായി സമ്പർക്കത്തിലാകാതെ ഇരിക്കാമെന്നും വ്യക്തമായി പറയുകയും ബോധവൽക്കരിക്കുകയും വേണം.

11. വിമാനത്താവളങ്ങളുള്ള ജില്ലകളിലെ ജില്ലാ കളക്ടർമാർ നിർബന്ധമായും വിമാനത്താവളങ്ങളിൽ പ്രവാസികളെ സ്വീകരിക്കാനും പരിശോധിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയേ തീരൂ. വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും.

12. നോർക്കയിൽ നിന്ന് ലഭിക്കുന്ന യാത്രക്കാരുടെ പട്ടികയനുസരിച്ച്, ജില്ലാ തലത്തിലുള്ള പട്ടിക ആദ്യഘട്ടത്തിൽ തയ്യാറാക്കുമ്പോൾ യാത്രക്കാരുടെ സ്ഥിരം വിലാസമനുസരിച്ചാകും അതാത് ജില്ലകളിലേക്കുള്ള പ്രവാസികളുടെ പട്ടിക വിഭജിക്കുക. വിമാനത്താവളങ്ങളിൽ നിന്ന് എത്ര പേർ അതാത് ജില്ലകളിലേക്ക് പുറപ്പെടുന്നു എന്നതിൽ കൃത്യമായ വിവരം അതാത് ജില്ലാ കളക്ടർമാരെ വീണ്ടും നേരത്തേ വിമാനത്താവളങ്ങളിൽ നിന്ന് അറിയിക്കേണ്ടതാണ്. ഒരു ജില്ലയിൽ സ്ഥിരം മേൽവിലാസമുള്ള വ്യക്തി മറ്റൊരു ജില്ലയിലേക്കാണ് പോകുന്നതെങ്കിൽ അത് അതാത് ജില്ലാ കളക്ടർമാരെ പുതുക്കിയ പട്ടിക അനുസരിച്ച് അറിയിക്കണം. അവർക്കായി യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണം. അതിനായി കെഎസ്ആർടിസി ബസ്സുകൾ തയ്യാറായിരിക്കണം.

13. തിരികെ വരുന്ന യാത്രക്കാർ 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനു ശേഷം നെഗറ്റീവായാൽ, അവർക്ക് വീട്ടിലേക്ക് പോകാം. 

14. ഓരോ യാത്രാക്കാരനെയും പ്രത്യേകം പ്രത്യേകം മുറിയിൽത്തന്നെ പാർപ്പിക്കണം. അവർക്ക് ആ മുറിയിൽ അറ്റാച്ച്ഡ് ബാത്ത്റൂം നിർബന്ധമായും ഉണ്ടാകണം.

15. ദമ്പതികൾക്കോ, കുടുംബത്തിനോ ഒരേ മുറി തന്നെ അനുവദിക്കാവുന്നതാണ്. 

16. തിരികെ വരുന്നവരുടെ വീടുകളുടെ അടുത്ത് തന്നെ ക്വാറന്‍റീൻ കേന്ദ്രമൊരുക്കാൻ അതാത് ജില്ലാ ഭരണകൂടങ്ങൾ പരമാവധി ശ്രമിക്കും. കൂടുതൽ കേന്ദ്രങ്ങളും താമസസൗകര്യവും ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമുണ്ട്. പക്ഷേ, അവയ്ക്കെല്ലാം വ്യത്യസ്തമായ മുറികളും ബാത്ത്റൂമുകളും ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം. 

17. ആവശ്യമെങ്കിൽ കൂടുതൽ ലോഡ്ജുകളോ ഹോട്ടലുകളോ ജില്ലാ കളക്ടർമാർക്ക് ഏറ്റെടുക്കാം. അതാത് ഹോട്ടലുടമകൾക്കും ലോഡ്ജുടമകൾക്കും നൽകേണ്ട സാമാന്യവാടക നൽകും.

18. ക്വാറന്‍റീൻ കേന്ദ്രങ്ങളെല്ലാം പരിപാലിക്കുക, ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളാകും. ഇവിടെ താമസിക്കുന്നവർക്കെല്ലാം തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണമെത്തിക്കും. ഇവരുടെ താമസം, സൗകര്യങ്ങൾ എല്ലാം വിലയിരുത്താൻ തദ്ദേശഭരണകൂടത്തിലെ അധികൃതർ, ജില്ലാ ഭരണകൂടത്തിലെ ബന്ധപ്പെട്ടവർ എന്നിവരെല്ലാം കൃത്യമായി യോഗം ചേരേണ്ടതാണ്. തദ്ദേശസ്വയംഭരണവകുപ്പിൽ നിന്ന് ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. 

19. ആരോഗ്യവകുപ്പ് ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. ഇതിനായി പ്രത്യേക മാർഗരേഖ ആരോഗ്യവകുപ്പും തയ്യാറാക്കിയിട്ടുണ്ട്. 

20. ഒരു സംസ്ഥാനതല മേൽനോട്ടസമിതിയാണ് ഈ സൗകര്യങ്ങളെല്ലാം വിലയിരുത്തുക. അതാത് സമയത്തുണ്ടാകുന്ന പ്രതിസന്ധികളോ, പ്രശ്നങ്ങളോ എല്ലാം ഈ സമിതി കൃത്യമായി വിലയിരുത്തി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കും.

Follow Us:
Download App:
  • android
  • ios