Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ മടങ്ങിവരവ്; സംസ്ഥാനം പൂർണസജ്ജമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13.45 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രവാസികൾക്ക് പണം നൽകി ഉപയോ​ഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ സജ്ജമാക്കിയിട്ടുണ്ട്.

government statement to highcourt on arrival of nris
Author
Cochin, First Published May 7, 2020, 3:39 PM IST

കൊച്ചി: വിദേശത്തു കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,15,500 മുറികൾ സജ്ജമാണെന്നും സർക്കാർ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കായി എല്ലാ ജില്ലകൾക്കും 13.45 കോടി രൂപ സർക്കാർ അനുവദിച്ചു. പ്രവാസികൾക്ക് പണം നൽകി ഉപയോ​ഗിക്കാനായി ഹോട്ടലുകളിലും റിസോർട്ടുകളിലുമായി 9000 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. 4.52 ലക്ഷം പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്. നാട്ടിലേക്ക് മടങ്ങിവരാനാ​ഗ്രഹിക്കുന്നവരിൽ 9572 ​ഗർഭിണികളും ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിദേശത്തു നിന്നുള്ളവരുടെ ആദ്യസംഘം ഇന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസികളാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എത്തുക. ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറും രണ്ട് എസ്.പിമാരുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്.  കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും രണ്ട് എസ്.പിമാരും നേതൃത്വം നല്‍കുന്ന പോലീസ് സംഘം ഉണ്ടാകും.  

പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.വീടുകളില്‍ നിരീക്ഷണത്തിനായി അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും  കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.  

Read Also: പ്രവാസികളുടെ മടക്കം: പണം ഈടാക്കി സ്വകാര്യ ക്വാറന്‍റൈൻ കേന്ദ്രം അനുവദിക്കുന്നതിൽ അനിശ്ചിതത്വം...

 

Follow Us:
Download App:
  • android
  • ios