
ദോഹ: ദോഹ മെട്രോ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി ഖത്തർ റെയിൽ. 30 ദിവസം വീതം കാലാവധിയുള്ള മെട്രോ ടിക്കറ്റ് തുടർച്ചയായി മൂന്നു മാസത്തേക്ക് വാങ്ങിയാൽ നാലാം മാസത്തേക്ക് സൗജന്യമായി ലഭിക്കുന്ന വമ്പൻ ഓഫറാണ് യാത്രക്കാർക്കായി അവതരിപ്പിച്ചത്. ‘ബയ് ത്രീ, ഗെറ്റ് വൺ ഫ്രീ’ എന്ന ടാഗ് ലൈനിലാണ് മെട്രോ പാസ് ഓഫർ പ്രഖ്യാപിച്ചത്.
ജൂൺ ഒന്ന് മുതൽ 30 വരെയുള്ള കാലാവധിക്കുള്ളിൽ ഒരു മാസത്തെ ടിക്കറ്റ് സ്വന്തമാക്കുന്നവർക്കായിരിക്കും ഈ ഓഫർ ബാധകമാവുകയെന്ന് ദോഹ മെട്രോ അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും 30 ദിവസത്തെ മെട്രോ പാസ് വാങ്ങി നിലനിർത്തുന്നവർക്കായിരിക്കും സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള നാലാം മാസത്തിൽ ഒരു മാസ സൗജന്യ പാസ് ലഭിക്കാൻ അർഹതയുള്ളത്. ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റാൻഡേർഡ് ട്രാവൽ കാർഡുള്ള യാത്രക്കാർക്കാണ് ഈ ഓഫർ ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.
ഓരോ മെട്രോ പാസ് വാങ്ങുമ്പോഴൂം യാത്രക്കാർ രജിസ്റ്റർ ചെയ്ത ട്രാവൽ കാർഡ് ദോഹ മെട്രോ സ്റ്റേഷനുകളിലെ ഗോൾഡ് ക്ലബ് ഓഫിസിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്. ഒരേ ട്രാവൽ കാർഡിൽ തന്നെയായിരിക്കണം മൂന്ന് മാസവും ട്രാവൽ പാസ് വാങ്ങേണ്ടത്. എങ്കിൽ മാത്രമേ, നാലാമത് മാസത്തിൽ സൗജന്യ പാസ് അനുവദിക്കൂ. 120 റിയാലാണ് 30 ദിവസ കാലാവധിയുള്ള മെട്രോ പാസിന്റെ നിരക്ക്. 30 ദിവസത്തെ കാർഡിന്റെ കാലാവധി കഴിഞ്ഞാൽ മാത്രമേ അടുത്ത കാർഡ് വാങ്ങാനാവൂ. സ്റ്റാൻഡേർഡ് അല്ലെങ്കിൽ ഫാമിലി ക്ലാസ് കംപാർട്മെന്റിൽ മാത്രമായിരിക്കും യത്രചെയ്യാൻ അവസരം. ഉടമക്ക് മാത്രമേ ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാൻ പാടുള്ളൂ. പരിശോധനക്കിടെ, തിരിച്ചറിയൽ രേഖ ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam