പൂട്ടിപ്പോയ കമ്പനികളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് വിസ മാറ്റാന്‍ അവസരം

By Web TeamFirst Published Jun 2, 2023, 2:47 PM IST
Highlights

വിലാസങ്ങളിലെ അവ്യക്തത ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തിടെ നിരവധി കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. മാനുഷിക പരിഗണന നല്‍കിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിസ മാറാനുള്ള അവസരം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്തിടെ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് അവരുടെ വിസകള്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ അവസരം. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെ ഫയലുകള്‍ തടഞ്ഞുവെയ്ക്കപ്പെട്ട കമ്പനികളുടെ വിസകളിലുള്ളവര്‍ക്കായിരിക്കും ഇത്തരത്തില്‍ മറ്റ് കമ്പനികളിലേക്ക് മാറാന്‍ അവസരം.

വിലാസങ്ങളിലെ അവ്യക്തത ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തിടെ നിരവധി കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. മാനുഷിക പരിഗണന നല്‍കിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിസ മാറാനുള്ള അവസരം നല്‍കുന്നതെന്ന് അല്‍ അന്‍ബ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് നിശ്ചിത വ്യവസ്ഥകളും അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അടച്ചുപൂട്ടപ്പെട്ട കമ്പനിയില്‍ 12 മാസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും വിസ മാറാനുള്ള അവസരമെന്നതാണ് നിബന്ധനകളില്‍ പ്രധാനം. 

അതേസമയം ചെറുകിട - ഇടത്തരം സ്ഥാപനങ്ങളാണെങ്കില്‍ അവിടെ മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്ത പ്രവാസികള്‍ക്ക് മാത്രമേ ഇത്തരത്തില്‍ മറ്റ് കമ്പനികളിലേക്ക് വിസ മാറ്റാന്‍ സാധിക്കൂ. എന്നാല്‍ നിബന്ധനകള്‍ സംബന്ധിച്ച് വ്യക്തതയില്ലാത്ത പക്ഷം തൊഴിലാളികള്‍ക്ക് ഡിപ്‍പ്യൂട്ട്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ അപേക്ഷ സമര്‍പ്പിക്കാനാവും. ഓരോ അപേക്ഷയും പരിശോധിച്ച് അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Read also: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ കരാര്‍ സമര്‍പ്പിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

click me!