
റിയാദ് : സൗദിയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴകൾ നിർദേശിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. മുനിസിപ്പൽ ലൈസൻസ് ഇല്ലാതെയാണ് ഏതെങ്കിലും ഭക്ഷ്യ സ്ഥാപനങ്ങളോ കടകളോ പ്രവർത്തിക്കുന്നതെങ്കിൽ പരമാവധി 50,000 റിയാൽ പിഴ ചുമത്തും. ഭക്ഷണശാലയ്ക്കുള്ളിൽ പൂച്ചകളെയോ നായ്ക്കളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ വരെ പിഴ ചുമത്താനും പുതിയ നിർദ്ദേശത്തിലുണ്ട്. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
കരട് അന്തിമരൂപത്തിലാക്കുന്നതിന് മുന്നോടിയായി പൊതു സർവേ പ്ലാറ്റ്‌ഫോമായ ഇസ്തിറ്റ്‌ലയിൽ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനാഭിപ്രായം തേടിയാണ് സർവേ പ്ലാറ്റ്ഫോമിൽ പ്രസിദ്ദീകരിച്ചത്. നിയമ ലംഘനം നടത്തുന്നവർക്ക് അതിന്റെ വ്യാപ്തിയനുസരിച്ച് പിഴ ലഭിക്കാൻ വേണ്ടിയാണ് പുതിയ ഭേദഗതി വരുത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അധികൃതർ അറിയിച്ചു.
read more: വാഹനത്തിൽ പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റിയാൽ 150 ദിനാർ പിഴ, നിയമം കർശനമാക്കി കുവൈത്ത്
കരട് ഭേദഗതി പ്രകാരം, ലൈസൻസ് കാലാവധി കഴിഞ്ഞോ സാധുവായ ലൈസൻസില്ലാതെയോ തെറ്റായ രീതിയിൽ നെടിയ ലൈസൻസ് ഉപയോഗിച്ചോ കടകളോ സ്ഥാപനങ്ങളോ പ്രവർത്തിച്ചാൽ 5000 സൗദി റിയാൽ വരെ പിഴ ലഭിച്ചേക്കും. അടച്ചുപൂട്ടൽ നിർദേശിച്ച് നിർദിഷ്ട കാലയളവ് അവസാനിക്കുന്നതിന് മുൻപ് കടയോ സ്ഥാപനമോ വീണ്ടും തുറന്നാൽ 10,000 റിയാൽ പിഴയും പിടിച്ചെടുത്ത വസ്തുക്കൾ അധികാരികളുടെ അനുമതിയില്ലാതെ നീക്കം ചെയ്യുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ 5,000 റിയാൽ പിഴയും ലഭിക്കും. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനുള്ള പരമാവധി പിഴ 2,000 റിയാൽ ആണെന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു. സ്ഥാപനത്തിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണ് നടത്തുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് 200 റിയാലും കൂടിയത് 4000 റിയാലും വരെ പിഴ ലഭിക്കുന്നതായിരിക്കും. ആദ്യ ലംഘനം നടത്തി 24 മാസത്തിനുള്ളിൽ ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ പ്രാരംഭ പിഴ ഇരട്ടിയാക്കും. ഗുരുതരമായ ലംഘനം നടത്തിയ സാഹചര്യത്തിലാണ് 24 മാസത്തിനുള്ളിൽ വീണ്ടും ലംഘനം നടത്തുന്നതെങ്കിൽ പ്രാരംഭ പിഴ നാലിരട്ടി വരെ ഉയർത്തുകയും ചെയ്യുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ