
റിയാദ്: ഒമാനിൽ നിന്ന് ഉംറ തീർത്ഥാടനത്തിനെത്തി വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ മൃതദേഹം നാളെ സംസ്കരിക്കും. അൽ ഹസയിലാണ് കബറടക്കം നടക്കുക. രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.
ശിഹാബിന്റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്അബിന്‍റെ മകന്‍ ദഖ്വാന് (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. സഹലയുടെ മൃതദേഹം സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ മൃതദേഹം നാളെ ഉച്ചയോടെ അൽ ഹസയിൽ എത്തിച്ച് കബറടക്കും.
മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam