
റിയാദ്: ചെറിയ ഇടവേളക്ക് ശേഷം റിയാദിൽ ശക്തമായ മഴയും കാറ്റും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഉരുണ്ടുകൂടിയ മഴമേഘങ്ങൾ വൈകീട്ട് അഞ്ചോടെ പെയ്തിറങ്ങി. ഒപ്പം കാറ്റ് ശക്തമായി വീശുകയും ആലിപ്പഴ വർഷവുമുണ്ടായി. വലിയ ശബ്ദത്തോടെയാണ് മഞ്ഞുകഷണങ്ങൾ പെയ്തിറങ്ങിയത്. കല്ലുകൾ വാരിയെറിയുന്ന പോലുള്ള ശബ്ദത്തോടെയാണ് വാഹനങ്ങൾക്ക് മുകളിലും വീടുകളുടെ ടെറസിലും ജനാലകളിലും റോഡിലും ആലിപ്പഴങ്ങൾ വീണത്.
റിയാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഗോലി പോലുള്ള ആലിപ്പഴങ്ങളുടെ വീഴ്ച മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കൗതുകം പകർന്നു. വീടുകളുടെ മുറ്റങ്ങളിലേക്ക് വീണ മഞ്ഞ് കഷണങ്ങൾ നുള്ളിപ്പെറുക്കി കളിക്കുന്ന തിരക്കിലായി കുട്ടികൾ. റിയാദ് പ്രവിശ്യയിൽ പെട്ട അഫ്ലാജിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വാഹനങ്ങളിലെ ആറു യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ദക്ഷിണ സൗദിയിലെ അൽബാഹയിലുള്ള ഹസ്ന ചുരംറോഡിൽ മണ്ണിടിച്ചിലുണ്ടായി. ശക്തമായ മഴയെ തുടർന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവിടെ ഗതാഗതം താത്കാലികമായി വിലക്കിയിരിക്കുകയാണ്. അൽബാഹക്ക് സമീപം ബൽജുർഷിയിലെ അൽജനാബീൻ അണക്കെട്ട് കവിഞ്ഞൊഴുകി. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ താഴ്വരകളിൽ നിന്ന് മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ട് നിറയുകയായിരുന്നു. വരും ദിവസങ്ങളിലും രാജ്യത്ത് പല ഭാഗങ്ങളിലും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ