ഉല്ലാസ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത് 700 കുപ്പി മദ്യം; വിദേശി ക്യാപ്റ്റന് തടവുശിക്ഷ

By Web TeamFirst Published Sep 28, 2022, 5:44 PM IST
Highlights

സോഷ്യല്‍ മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉല്ലാസ ബോട്ടില്‍ മദ്യക്കടത്ത്.  700 കുപ്പി മദ്യമാണ് ഉല്ലാസ ബോട്ടില്‍ നിന്ന് പിടികൂടിയത്. കേസില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ ബോട്ടിന്റെ ക്യാപ്റ്റന് അഞ്ചു വര്‍ഷം കഠിന തടവും കൂട്ടാളിയായ സ്വദേശിക്ക് ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചു. 

സോഷ്യല്‍ മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്ത് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ നിന്ന് ഒഴിവാക്കി. മദ്യക്കടത്തിനെ കുറിച്ച് ഉടമസ്ഥന് അറിയില്ലായിരുന്നെന്ന് ക്യാപ്റ്റന്‍ കോടതിയില്‍ വ്യക്തമാക്കി.

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അജ്ഞാത ഡ്രോണുകള്‍; ഒന്നിനെ പിടികൂടി, പിന്നിലാരെന്ന് കണ്ടെത്താന്‍ അന്വേഷണം

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്.

അറസ്റ്റിലായ ആറ് പേര്‍ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ സാധനങ്ങള്‍ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. കുവൈത്ത് പ്രധാന മന്ത്രിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രിയും പരിശോധനകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു. വന്‍മദ്യശേഖരം പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സമുദ്രമാര്‍ഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമവും തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിയ ലഹരിമരുന്ന് കടലിന് അടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് മാരിറ്റൈം സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും

ലഹരിമരുന്ന് തിരിച്ചെടുക്കാനായി വിദേശത്ത് നിന്ന് ബോട്ടിലെത്തിയ പ്രതികളെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 49തരം വിവിധ ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

click me!