Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും

കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരെയാണ് ഇവര്‍ സ്വന്തം കാറില്‍ കൊണ്ടുപോയിരുന്നത്. കുവൈത്ത് വിമാനത്താവളത്തിന്റെ എന്‍ട്രന്‍സ്, എക്‌സിറ്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരുമായി സഞ്ചരിച്ച ഇവരെ ട്രാഫിക് പട്രോള്‍സ് സംഘം നിരീക്ഷിച്ചിരുന്നു.

sixty expats to be deported for giving illegal taxi service  in kuwait
Author
First Published Sep 26, 2022, 6:35 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി. സ്വന്തം കാറില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ 60 പ്രവാസികളെയാണ് നാടുകടത്താനൊരുങ്ങുന്നത്. 

കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാരെയാണ് ഇവര്‍ സ്വന്തം കാറില്‍ കൊണ്ടുപോയിരുന്നത്. കുവൈത്ത് വിമാനത്താവളത്തിന്റെ എന്‍ട്രന്‍സ്, എക്‌സിറ്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരുമായി സഞ്ചരിച്ച ഇവരെ ട്രാഫിക് പട്രോള്‍സ് സംഘം നിരീക്ഷിച്ചിരുന്നു.

തുടര്‍ന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖാദ്ദയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. അറസ്റ്റിലായ നിയമലംഘകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ബംഗ്ലാദേശികളും ഈജിപ്ത് സ്വദേശികളുമാണ്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ സ്വദേശങ്ങളിലേക്ക് നാടുകടത്തും. ടാക്‌സി ഡ്രൈവര്‍ ലൈസന്‍സില്ലാതെ ഇത്തരം വാഹനങ്ങളില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ, വഞ്ചന, പണം അപഹരിക്കല്‍ എന്നിവ സംബന്ധിച്ച പരാതികള്‍ യാത്രക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

അതേസമയം  കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ 3500 പ്രവാസികള്‍ ടിക്കറ്റ് കാത്ത് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ കരാര്‍ പുതുക്കുന്നതിലുണ്ടാവുന്ന കാലതാമസമാണ് ഡീപോര്‍ട്ടേഷന്‍ നടപടികള്‍ വൈകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത പ്രവാസികളുടെ തുടര്‍ നടപടികള്‍ നടക്കുന്നില്ല.

നിയമലംഘനങ്ങള്‍ക്കും മറ്റും പിടിയിലായ ശേഷം നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ടിക്കറ്റ് ചാര്‍ജ് അവരുടെ സ്‍പോണ്‍സര്‍മാരില്‍ നിന്നാണ് സാധാരണയായി ഈടാക്കുന്നത്. ഇതിനായി ഒരു കമ്പനിയെ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പിലുള്ള പ്രവാസികളുടെ നാടുകടത്താനുള്ള ചെലവ് വഹിക്കാന്‍ തയ്യാറാവാത്തവടെ അക്കൗണ്ടുകള്‍ മരവിക്കും. ടിക്കറ്റിനുള്ള പണം നല്‍കിയ ശേഷമേ ഇവര്‍ക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

വിസ അനുവദിക്കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവും യോഗ്യതയും പരിശോധിക്കും; പുതിയ തീരുമാനവുമായി അധികൃതര്‍

ഇതിനായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ കരാര്‍ കാലാവധി കഴിഞ്ഞ മാസം പകുതിയോടെ അവസാനിച്ചു. കരാര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ധനകാര്യ വിഭാഗത്തിന്റെ പരിഗണനയിലാണ്. രാജ്യത്ത് നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധനകള്‍ നടക്കുന്നതിനാല്‍ പിടിയിലായ നിരവധി പ്രവാസികളെയാണ് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയത്.  

 

Follow Us:
Download App:
  • android
  • ios