Asianet News MalayalamAsianet News Malayalam

കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അജ്ഞാത ഡ്രോണുകള്‍; ഒന്നിനെ പിടികൂടി, പിന്നിലാരെന്ന് കണ്ടെത്താന്‍ അന്വേഷണം

ഒരു ഡ്രോണ്‍ സുലൈബിയയിലേക്കുള്ള ദിശയിലും മറ്റൊന്നും അല്‍ രിഖയിലേക്കുള്ള ദിശയിലുമാണ് പറന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Three drones attempted to land inside central prison in Kuwait one captured
Author
First Published Sep 27, 2022, 9:12 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ മൂന്ന് അജ്ഞാത ഡ്രോണുകള്‍ പറന്നിറങ്ങാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡ്രോണുകളിലൊന്ന് അധികൃതര്‍ പിടികൂടിയെങ്കിലും മറ്റ് രണ്ടെണ്ണം അജ്ഞാത കേന്ദ്രങ്ങളിലേക്ക് തിരിച്ചു പറന്നു. സുലൈബിയയിലെ സെന്‍ട്രല്‍ പ്രിസണ്‍ കോംപ്ലക്സിലായിരുന്നു സംഭവമെന്ന് അല്‍ ജരീദ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സെന്‍ട്രല്‍ ജയിലിന്റെ പുറം ഭാഗത്തുള്ള മുറ്റത്താണ് ഡ്രോണുകള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഒരു ഡ്രോണ്‍ പിടിച്ചെടുത്തെങ്കിലും മറ്റ് രണ്ടെണ്ണം ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ തിരികെ പറന്നു. ഒരു ഡ്രോണ്‍ സുലൈബിയയിലേക്കുള്ള ദിശയിലും മറ്റൊന്നും അല്‍ രിഖയിലേക്കുള്ള ദിശയിലുമാണ് പറന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തില്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രോണുകള്‍ എന്തിനാണ് ജയിലിലെത്തിയതെന്നും ആര്‍ക്കുവേണ്ടിയാണ് ഇത്തരമൊരു നീക്കം നടന്നതെന്നും അന്വേഷിക്കും. പിടിച്ചെടുത്ത ഡ്രോണില്‍ നിന്ന് വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാന്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. തിരികെ പറന്ന രണ്ട് ഡ്രോണുകള്‍ നിരീക്ഷിക്കാന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനോട് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.

കുവൈത്തിലെ കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്‍ദുല്ല സഫാഹ് അല്‍ മുല്ലയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. ശനിയാഴ്ച കറക്ഷണന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വകുപ്പും സ്‍പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‍സസും സംയുക്തമായി  സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയിരുന്നു. എഴുപത് മൊബൈല്‍ ഫോണുകളും നിരവധി കേബിളുകളും ചാര്‍ജുകളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങളും കത്തികളും ലഹരി പദാര്‍ത്ഥങ്ങളുമെല്ലാം തടവുകാരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്‍തു.

Read also: ഒമാനില്‍ ഒക്ടോബര്‍ 9ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം

Follow Us:
Download App:
  • android
  • ios