യുഎഇയില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെട്ട ഇന്ത്യക്കാരന്‍ ജയിലിലായി

By Web TeamFirst Published Jan 23, 2023, 9:31 PM IST
Highlights

നവംബര്‍ 19നായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. ബര്‍ദുബൈയിലെ അല്‍ മന്‍ഖൂല്‍ ഏരിയയിലുള്ള ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പുലര്‍ച്ചെ 3.40നാണ് പ്രതി വാഹനം ഓടിച്ചത്.

ദുബൈ: മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ദുബൈയില്‍ ഇന്ത്യക്കാരന് ഒരു മാസം ജയില്‍ ശിക്ഷ. അപകടത്തില്‍ ഒരു സ്ത്രീയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുുന്നു. നേരത്തെ  ദുബൈ ട്രാഫിക് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ജയില്‍ ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ കീഴ്‍കോടതി വിധിച്ച 20,000 ദിര്‍ഹത്തിന്റെ പിഴത്തുക അപ്പീല്‍ കോടതി 10,000 ദിര്‍ഹമാക്കി കുറിച്ചു. പ്രതിയെ നാടുകടത്തണമെന്ന ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

നവംബര്‍ 19നായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. ബര്‍ദുബൈയിലെ അല്‍ മന്‍ഖൂല്‍ ഏരിയയിലുള്ള ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പുലര്‍ച്ചെ 3.40നാണ് പ്രതി വാഹനം ഓടിച്ചത്. ഈ സമയം റോഡിലേക്ക് കാല്‍ നീട്ടിവെച്ച് റോഡരികില്‍ ഇരിക്കുകയായിരുന്ന സ്‍ത്രീയെ വാഹനം ഇടിച്ചു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് സ്‍ത്രീയെ കാണാന്‍ കഴിഞ്ഞില്ലെന്ന് കേസ് രേഖകള്‍ പറയുന്നു. വാഹനത്തില്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാളായിരുന്നു പ്രധാന സാക്ഷി. അപകടം സംഭവിച്ചുവെന്ന് മനസിലായപ്പോള്‍ പ്രതി വാഹനം നിര്‍ത്തി. ഇരുവരും  പുറത്തിറങ്ങി സ്‍ത്രീയുടെ അടുത്തേക്ക് ചെന്നു. ഈ സമയത്ത് പ്രതിയുടെ ശരീരത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ചെന്ന് മനസിലായതോടെ പ്രതിയോട് കാര്‍ ഓടിക്കരുതെന്ന് ഇയാള്‍ നിര്‍ദേശം നല്‍കി.

ഒപ്പമുണ്ടായിരുന്ന ആള്‍ പൊലീസിനെയും ആംബുലന്‍സിനെയും വിവരമറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ പ്രതി വീണ്ടും വാഹനത്തില്‍ കയറി. വാഹനം നേരെ പാര്‍ക്ക് ചെയ്യാനെന്നാണ് പറഞ്ഞതെങ്കിലും കാറില്‍ കയറി വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. പരിക്കേറ്റ സ്‍ത്രീയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. 

Read also: യൂണിഫോം ധരിച്ച് ദുബൈ പൊലീസിന്റെ സൂപ്പര്‍ കാറില്‍ നഗരം ചുറ്റിക്കറങ്ങി രണ്ട് കുരുന്നുകള്‍

click me!