സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Published : Jan 23, 2023, 08:19 PM IST
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Synopsis

ജനുവരി 21നാണ് സ്വീഡനിലെ തീവ്രവലതുപക്ഷ നേതാവ് റാസ്മസ് പലുദന്റെ നേതൃത്വത്തിൽ വലതുപക്ഷ പ്രവർത്തകർ തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുര്‍ആൻ കത്തിച്ച് പ്രതിഷേധിച്ചത്. തുടർന്ന് സ്വീഡിഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി തുർക്കി പ്രതിഷേധമറിയിച്ചു.

അബുദാബി: സ്വീഡനില്‍ തുര്‍ക്കി എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മാനവിക, ധാര്‍മിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിപരീതമായി സുരക്ഷയയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും തള്ളിക്കളയുന്നുവെന്നും യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. വിദ്വേഷ പ്രചരണങ്ങളും ഹിംസയും ചെറുക്കണമെന്നും മതചിഹ്നങ്ങളെ ആദരിക്കണമെന്നും മതങ്ങളെ അവഹേളിച്ച് സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തരുതെന്നുമുള്ള ആഹ്വാനം യുഎഇ പുറത്തിറക്കിയ പ്രസ്‍താവനയിലുണ്ട്.

തീവ്രവലതുപക്ഷ പ്രവർത്തകർ ഖുര്‍ആൻ കത്തിച്ച സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. സംവാദവും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രചരിപ്പിക്കുന്ന മൂല്യങ്ങളാണ് സമൂഹത്തില്‍ വ്യാപിക്കേണ്ടതെന്നും വെറുപ്പിനെയും തീവ്രവാദത്തെയും തള്ളിക്കളയണമെന്നും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഖത്തറും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹത്തിന്റെ വികാരങ്ങളെ പ്രകോപിക്കാനുള്ള ഹീനമായ ശ്രമമാണ് നടന്നതെന്ന് ഖത്തര്‍ ആരോപിച്ചു. വിശ്വാസങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും പേരുകളിലുള്ള എല്ലാത്തരം വിദ്വേഷ പ്രസംഗങ്ങളെയും തള്ളിക്കളയുന്നതായും രാഷ്‍ട്രീയ അഭിപ്രായ ഭിന്നതകളില്‍ മാന്യത പുലര്‍ത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലും പറയുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്‍ട്ര സമൂഹം തങ്ങളുടെ ബാധ്യത നിറവേറ്റണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

മുസ്‍ലിംകളുടെ വികാരം വ്രണപ്പെടുത്താനും അക്രമവും വെറുപ്പും വളര്‍ത്താനും ലക്ഷ്യം വെയ്ക്കുന്ന ഇത്തരം ശ്രമങ്ങള്‍ ചെറുക്കണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു. എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിക്കാന്‍ അനുവദിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബഹ്റൈനും പ്രസ്‍താവനയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണ് സ്വീഡനില്‍ അരങ്ങേറിയതെന്നും ശക്തമായ പ്രകോപനമാണിതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്‍ദുല്ല അല്‍ ജാബില്‍ അല്‍ സബാഹ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 

ജനുവരി 21നാണ് സ്വീഡനിലെ തീവ്രവലതുപക്ഷ നേതാവ് റാസ്മസ് പലുദന്റെ നേതൃത്വത്തിൽ വലതുപക്ഷ പ്രവർത്തകർ തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുര്‍ആൻ കത്തിച്ച് പ്രതിഷേധിച്ചത്. തുടർന്ന് സ്വീഡിഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി തുർക്കി പ്രതിഷേധമറിയിച്ചു. നാറ്റോയിൽ അംഗമാകാനുള്ള സ്വീഡന്റെ നീക്കത്തിനും സംഭവം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഖുര്‍ആൻ കത്തിക്കൽ വിവാദത്തിന് പിന്നാലെ സ്വീഡന്റെ നാറ്റോ അംഗത്വത്തെ എതിർക്കുമെന്ന് വാർത്തകൾ പുറത്തുവന്നു.  സ്വീഡൻ പ്രതിരോധ മന്ത്രിയുടെ തുർക്കി സന്ദർശനവും റദ്ദാക്കി.

Read also: എംബസിക്ക് മുന്നിൽ ഖുറാൻ കത്തിച്ച് പ്രതിഷേധം; സ്വീഡനും തുർക്കിയും തർക്കം മുറുകുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ