കുട്ടികള്‍ക്ക് ദുബൈ പൊലീസിന്റെ യൂണിഫോം സമ്മാനമായി നല്‍കുകയും പൊലീസിന്റെ ലക്ഷ്വറി കാറില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്‍തു. ഇതിന് പുറമെ ദുബൈ പൊലീസിന്റെ കെ-9 സ്‍ക്വാഡ് ഇവര്‍ക്കായി ഡോഗ് ഷോയും ഒരുക്കി. 

ദുബൈ: ചെറിയ കുട്ടികളുടെ വലിയ ആഗ്രഹങ്ങള്‍ പോലും പലപ്പോഴും മുതിര്‍ന്നവര്‍ പരിഗണിക്കുന്നത് തമാശ ആയിട്ടാവും. അതുകൊണ്ടുതന്നെ അത്തരം ആഗ്രഹങ്ങള്‍ക്ക് വലിയ ആയുസുണ്ടാവുകയുമില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നായി അറിയപ്പെടുന്ന ദുബൈ പൊലീസിന് കുട്ടികളുടെ ആഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാനും അവരെ സന്തോഷിപ്പിക്കാനും വേണ്ടി മാത്രം പ്രത്യേക പദ്ധതിയുണ്ട്.

'ഫുള്‍ഫില്‍ എ ചൈല്‍ഡ്സ് വിഷ്' എന്ന പദ്ധതിയിലൂടെ ഇക്കുറി പൊലീസ് യൂണിഫോം ധരിച്ച് ദുബൈ പൊലീസിന്റെ ആഡംബര കാറില്‍ നഗരം ചുറ്റാന്‍ അവസരം ലഭിച്ചതാവട്ടെ അയോഷയെന്നും ഹമദ് അഹ്‍മദ് അല്‍ മുല്ലയെന്നും പേരുള്ള രണ്ട് സഹോദരങ്ങള്‍ക്കാണ്. ദുബൈ പൊലീസിന്റെ ആപ് വഴിയാണ് ഇവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ആഗ്രഹം പൊലീസിനെ അറിയിച്ചത്. ഹാംലീസുമായി സഹകരിച്ച് ദുബൈ പൊലീസിന്റെ കമ്മ്യൂണിറ്റി ഹാപ്പിനെസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സെക്യൂരിറ്റി അവയര്‍നസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍കൈയെടുത്ത് ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടികള്‍ക്ക് ദുബൈ പൊലീസിന്റെ യൂണിഫോം സമ്മാനമായി നല്‍കുകയും പൊലീസിന്റെ ലക്ഷ്വറി കാറില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്‍തു. ഇതിന് പുറമെ ദുബൈ പൊലീസിന്റെ കെ-9 സ്‍ക്വാഡ് ഇവര്‍ക്കായി ഡോഗ് ഷോയും ഒരുക്കി. സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാവരിലും സന്തോഷം നിറയ്ക്കാനും ലക്ഷ്യമിട്ട് ദുബൈ പൊലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കുട്ടികളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കാനുള്ള 'ഫുള്‍ഫില്‍ എ ചൈല്‍ഡ്സ് വിഷ്' എന്ന പദ്ധതിയെന്ന് ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനെസിന് കീഴിലുള്ള സെക്യൂരിറ്റി അവയര്‍നെസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബുട്ടി അഹ്‍മദ് ബിന്‍ ദര്‍വീഷ് അല്‍ ഫലാസി പറഞ്ഞു.

മക്കളുടെ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായി പ്രതികരിക്കുകയും അത് സാധിപ്പിച്ചു കൊടുക്കുകയും ചെയ്‍തതിന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിന് നന്ദി അറിയിച്ചു.

Scroll to load tweet…