
റിയാദ്: ഇന്ത്യൻ അഗ്രികൾച്ചർ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡവലപ്മെൻറ് അതോറിറ്റി (അപെഡ)യുമായി സഹകരിച്ച് റിയാദിലെ ഇന്ത്യൻ എംബസി മാമ്പഴ പാചകോത്സവം സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിനിലുള്ള ട്രെസർ മോഡേൺ ഇന്ത്യൻ റെസ്റ്റോറൻറിൽ നടന്ന പരിപാടിയിൽ സെലിബ്രിറ്റി ഷെഫ് സഞ്ജയ് താക്കൂറിെൻറ നേതൃത്വത്തിലുള്ള അവാർഡ് ജേതാക്കളായ സംഘം വിവിധയിനം മാമ്പഴം കൊണ്ടുള്ള ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി.
രുചികരമായ ഇന്ത്യൻ മാമ്പഴങ്ങൾ ആഗോളതലത്തിൽ പ്രശസ്തമാണെന്നും ഇന്ത്യൻ, സൗദി അറേബ്യൻ ചേരുവകൾ ചേർത്തുള്ള പാചകം രുചികരമായ വിഭവങ്ങൾ സമ്മാനിക്കുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പറഞ്ഞു. ഇന്ത്യൻ മാമ്പഴയിനങ്ങളുടെ പ്രധാന ഇറക്കുമതി രാജ്യമാണ് സൗദി അറേബ്യയെന്നും ഇന്ത്യൻ കമ്പനികൾ മികച്ച ഇനങ്ങൾ എത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1200-ലധികം ഇനം മാമ്പഴങ്ങളാണ് ഇന്ത്യയിൽ വിളയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ ഇന്ത്യയുടെ ഉദ്പാനനിരക്ക് 45 ശതമാനമാണ്. ഇന്ത്യൻ മാമ്പഴങ്ങൾ രുചി, മധുരം, സുഗന്ധം എന്നിവക്ക് പേരുകേട്ടതാണ്.
അൽഫോൻസോ മാമ്പഴം ഇന്ത്യയിൽനിന്നുള്ള മറ്റ് ഇനങ്ങൾക്കൊപ്പം സൗദി വിപണിയിലും സുപരിചിതമാണ്. അശ്വിന, അരജൻമ, ബൃന്ദബാനി, അമ്രപാലി, ചൗസ, ദശെഹ്രി, ലാംഗ്ര, മല്ലിക തുടങ്ങിയ ഇന്ത്യൻ മാമ്പഴങ്ങളുടെ വിവിധ പ്രാദേശിക ഇനങ്ങളും ഫസ്ലി, റാറ്റൗൾ പോലുള്ള ജിഐ-ടാഗ് ചെയ്ത ഇനങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു. റിയാദ് മുറബ്ബയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ എംബസിയും അപെഡയും ചേർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ മാമ്പഴോത്സവവും ഇതോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ വിപണി സൗദിയിൽ വിപുലപ്പെടുത്തുന്നതിന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ റീട്ടെയിൽ കമ്പനികളുമായി നിരവധി വ്യാപാര യോഗങ്ങൾ അപെഡ പ്രതിനിധി സംഘം നടത്തി. തമീമി മാർക്കറ്റ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ഡാന്യൂബ് സൂപ്പർമാർക്കറ്റ്, അൽ ജസീറ മാർക്കറ്റ്, അൽ റായ ഹൈപ്പർമാർക്കറ്റ്, ഒതൈം, ഗ്രാൻഡ് ഹൈപ്പർ എന്നീ റീട്ടെയിൽ സ്ഥാപനങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ