യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു; അന്ത്യം പഠനത്തിനായി എത്തി പത്താം ദിവസം

By Web TeamFirst Published Jan 27, 2023, 11:41 AM IST
Highlights

ആയുധധാരികളായരണ്ട് പേര്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും പാസ് വേഡ് ആവശ്യപ്പെടുകയും ചെയ്തു. തോക്കു ചൂണ്ടി ഇവരുടെ കൈവശമുണ്ടായിരുന്ന പണവും അക്രമി സംഘം കൊള്ളയടിച്ചു.

ഷിക്കാഗോ: അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഷിക്കാഗോ പ്രസിംഗ്ടണ്‍ പാര്‍ക്കിലാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ നന്ദപ്പു ഡിവാന്‍ഷ (23) ആണ്  കൊല്ലപ്പെട്ടത്. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തി പത്താം ദിനമാണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്. വെടിവെപ്പില്‍ തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ഹൈദരബാദ് സ്വദേശിയായ കൊപ്പള സായ്സരണ്‍  വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റത്. 

ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന വിദ്യാര്‍ത്ഥി വെടിവെപ്പില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  ജനുവരി 21 നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ മോഷ്ടാക്കളുടെ ആക്രമണം നടന്നത്. ഷിക്കാഗോ ഗവര്‍ണേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനത്തിനായി എത്തിയവരാണ് മൂവരും. പ്രസിംഗ്ടണ്‍ പാര്‍ക്കിലെ താമസ സ്ഥലത്തു നിന്നും ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്.

മൂന്ന് പേരും ഒരേ അപ്പാര്‍ട്ട്മെന്‍റിലായിരുന്നു താമസം. നെറ്റ് കണക്ഷന്‍ ലഭിക്കാനായി അപ്പാര്‍ട്ട്മെന്‍റിന് പുറത്തിറങ്ങി നടക്കുകയായിരുന്നു ഇവര്‍. ഇതിനിടെ ആയുധധാരികളായരണ്ട് പേര്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും പാസ് വേഡ് ആവശ്യപ്പെടുകയും ചെയ്തു. തോക്കു ചൂണ്ടി ഇവരുടെ കൈവശമുണ്ടായിരുന്ന പണവും അക്രമി സംഘം കൊള്ളയടിച്ചു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടെ അക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

വെടിയേറ്റ് വിജയവാഡ സ്വദേശിയായ നന്ദപ്പു ഡിവാന്‍ഷയും ഹൈദരാബാദ് സ്വദേശി സായ് ശരണും താഴേ വീണു.  വെടിയേല്‍ക്കാതിരുന്ന വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് നിന്നും പേടിച്ചോടി രക്ഷപ്പെട്ടു. പിന്നീട് പോലീസിനെ വിവരം  അറിയിക്കുകയായിരുന്നു. പൊലീസ്  സ്ഥലത്തെത്തി വെടിയേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നന്ദപ്പുവിന്റെ ജീവന്‍  രക്ഷിക്കാനായില്ല. പരിക്കേറ്റ സായ് സരണ്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More : റോഡ് മുറിച്ച് കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് യുഎസിൽ ദാരുണാന്ത്യം

click me!