20 തസ്‍തികകളില്‍ ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

Published : Oct 02, 2022, 11:05 AM IST
20 തസ്‍തികകളില്‍ ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

Synopsis

പ്രൊഷണല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചു തന്നെ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമായിരിക്കും ജോലി നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക.

കുവൈത്ത് സിറ്റി: 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് ഇതിനുള്ള തീരുമാനമെടുത്തത്. പദ്ധതി നടപ്പാക്കാനുള്ള അംഗീകാരം അതോറിറ്റിക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞതായും കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രൊഷണല്‍ യോഗ്യതയുള്ള പ്രവാസികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തുവെച്ചു തന്നെ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമായിരിക്കും ജോലി നല്‍കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കും. കുവൈത്തില്‍ എത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ ടെസ്റ്റുമുണ്ടാകും. അതുകൂടി പാസായാല്‍ മാത്രമേ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കൂ. കുവൈത്തിലെ തൊഴില്‍ വിപണയില്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന ഇരുപത് തൊഴിലുകളാണ് ഇപ്പോള്‍ ഇത്തരം പരിശോധനകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സാവധാനം മറ്റ് ജോലികള്‍ കൂടി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും.

രാജ്യത്തെ തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുന്ന തരത്തില്‍ യോഗ്യരായ  പ്രൊഫഷണലുകളുടെ മാത്രം സാന്നിദ്ധ്യം ഉറപ്പാക്കാനും പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സാധാരണ തൊഴിലാളികള്‍ രാജ്യത്ത് ജോലിക്കായി എത്തുന്നത് സാധ്യമാവുന്നത്ര തടയാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി. താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെ എണ്ണം കൂടുന്നതാണ് രാജ്യത്തെ ജനസംഖ്യാ സന്തുലനം തെറ്റാന്‍ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കുവൈത്തിലെത്തിയ ശേഷം നടത്തുന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥി പരാജയപ്പെട്ടാല്‍ അയാളെ തിരികെ സ്വന്തം രാജ്യത്തേക്ക് അയക്കാനുള്ള ചെലവ് സ്‍പോണ്‍സര്‍ വഹിക്കണം. അക്കാദമിക അംഗീകാരവും പ്രൊഫഷണല്‍ പരീക്ഷയുമാണ് പുതിയ പദ്ധതിയുടെ രണ്ട് പ്രധാന സവിശേഷതകളെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. പരീക്ഷകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയായിരിക്കും ഒരാളെ രാജ്യത്തേക്ക് ജോലിക്കായി വരാന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നത്. പിഴവുകളില്ലാതെ ഇത് നടക്കാപ്പാന്‍ ഓട്ടോമേറ്റഡ് സംവിധാനം ഏര്‍പ്പെടുത്താനും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്യും.

Read also: പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ