രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തും

By Web TeamFirst Published Oct 2, 2022, 9:30 AM IST
Highlights

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരന്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ക്ക് പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. 

മസ്‍കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ ഒമാനിലെത്തുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇത് രണ്ടാം തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടര്‍ന്നുവരുന്ന ഉന്നതതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനമെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരന്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ക്ക് പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെയും വി. മുരളീധരന്‍ അഭിസംബോധന ചെയ്യും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും ഒമാനും തമ്മില്‍ നിരന്തരം ഉന്നതതല സന്ദര്‍ശനങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ ബുസൈദി ഇന്ത്യയിലെത്തിയിരുന്നു. മേയില്‍ ഒമാന്‍ വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫും ഇന്ത്യ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2018ല്‍ ഒമാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തുടര്‍ന്ന് 2019ല്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും 2020 ഡിസംബറില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഒമാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Read also: ആറ് ദിവസം മുമ്പ് കാണാതായ പ്രവാസി യുവാവിനെ 400 കിലോമീറ്റര്‍ അകലെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മറ്റൊരു മലയാളി

click me!