
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വനിതയുടെ കത്തിക്കരിഞ്ഞ മൃതദേഹം റോഡരികില്‍ കണ്ടെത്തി. സാല്‍മി റോഡിലാണ് തല തകര്‍ന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് സ്വദേശിയായ 17 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്‍തു.
മരിച്ചത് ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളില്‍ തന്നെ സംഭവത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ സാധിച്ചുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ 17 വയസുകാരന്‍ കുറ്റം സമ്മതിച്ചതായും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
കൊല്ലപ്പെട്ട യുവതി ലൈംഗിക പീഡനത്തിനിരയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ വിരലടയാളം ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്ന് കണ്ടെത്തിയത്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്ന് ഒളിച്ചോടിയതിന് ഇവര്‍ക്കെതിരെ സ്‍പോണ്‍സര്‍ നല്‍കിയ കേസും നിലവിലുണ്ട്.
തന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ പ്രതിയായ 17 വയസുകാരന്‍ ബലാത്സംഗം ചെയ്‍തുവെന്നാണ് കുവൈത്തി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം കത്തിക്കുകയും തുടര്‍ന്ന് സാല്‍മിയില്‍ റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read also: താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam