
കുവൈത്ത് സിറ്റി: വൻ തോതിൽ കടൽ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി അധികൃതർ. യുഎഇ-കുവൈത്ത് അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് തടയാനായത്. സംഭവത്തിൽ 100 കിലോയോളം വരുന്ന ക്രിസ്റ്റൽ മെത്ത്, പത്ത് കിലോ ഹെറോയ്ൻ എന്നിവ കണ്ടെടുത്തു. ഇതിന് 1.15 മില്ല്യൺ കുവൈത്ത് ദിനാർ മൂല്ല്യം വരും.
മയക്കുമരുന്നുമായി ഒരു ഷിപ്പിങ് കണ്ടെയ്നർ എത്തുന്നത് സംബന്ധിച്ച് ഇരു മന്ത്രാലയങ്ങൾക്കും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കണ്ടെയ്നർ പരിശോധിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതിനുമായി വ്യക്തമായ പദ്ധതി തയാറാക്കി. കുവൈത്തിലെ ഷുവൈഖ് തുറമുഖത്താണ് കപ്പൽ എത്തിയത്. അവിടെ മന്ത്രാലയത്തിന്റെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി കണ്ടെയ്നർ കടത്തിവിട്ടു.
അംഘാരയിലുള്ള വ്യാവസായിക മേഖലയിലേക്കാണ് കണ്ടെയ്നർ പിന്നീട് എത്തിയത്. അത് അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെയും അധികൃതർ കണ്ടെയ്നർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അംഘാരയിൽ ഷിപ്പ്മെന്റ് സ്വീകരിക്കാനെത്തിയത് ഒരു അഫ്ഗാൻ വംശജനായിരുന്നു. ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തു. കണ്ടെയ്നറിന്റെ വാതിലിലും റൂഫ് പാനലിലുമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്.
അധികൃതർ നടത്തിയ ഓപറേഷനിൽ എല്ലാ ടെക്നിക്കൽ സഹായങ്ങളും നൽകിയിരുന്നത് കുവൈത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫയർ സർവീസസ് ആയിരുന്നു. കഴിഞ്ഞ ദിവസം യുഎഇ ആഭ്യന്തര മന്ത്രാലയമാണ് മയക്കുമരുന്ന് വേട്ട സംബന്ധിച്ച വിവരങ്ങൾ സാമൂഹിക മാധ്യമമായ എക്സ് വഴി അറിയിച്ചത്. യുഎഇയുടെ കുവൈത്തിന്റെയും ആഭ്യന്തര മന്ത്രാലയങ്ങൽ സംയുക്തമായി നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഈ കള്ളക്കടത്ത് പരാജയപ്പെടുത്താൻ സാധിച്ചതെന്നും സമൂഹത്തിന്റെ സുരക്ഷക്കായുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബന്ധതയും പ്രസ്താവനയിൽ എടുത്തുപറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ