കെ.എസ് ചിത്രയ്ക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ സാംസ്‌കാരിക അവാര്‍ഡ്

By Web TeamFirst Published Sep 22, 2022, 11:10 PM IST
Highlights

രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്.

മസ്‌കറ്റ്: പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് ഈ വര്‍ഷത്തെ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ സാംസ്‌കാരിക അവാര്‍ഡ്. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 

സംഗീത മേഖലക്ക്  നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് കണ്‍വീനര്‍ പി.ശ്രീകുമാര്‍  പറഞ്ഞു. മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍  ഇരുപത്തിമൂന്ന് വെള്ളിയാഴ്ച അല്‍ ഫെലാജ് ലേ ഗ്രാന്‍ഡ് ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്‍വീനര്‍ ശ്രീകുമാര്‍ സാംസ്‌കാരിക അവാര്‍ഡ് കെ എസ് ചിത്രക്ക് സമ്മാനിക്കും.
അവാര്‍ഡ് ദാനത്തോട് അനുബന്ധിച്ചു നടക്കുന്ന   സാംസ്‌കാരിക സമ്മേളനത്തില്‍  ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥി ആയിരിക്കും.മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രനും പങ്കെടുക്കും. കലാ  സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍  കാഴ്ചവെക്കുന്ന അതുല്യ പ്രതിഭകള്‍ക്ക്  ഓണാഘോഷങ്ങളുടെ ഭാഗമായി 1996 മുതല്‍  തുടര്‍ച്ചയായി മലയാള വിഭാഗം നല്‍കി വരുന്നതാണ് കലാ സാംസ്‌കാരിക അവാര്‍ഡ്.

ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍

അടൂര്‍ ഗോപാലകൃഷ്ണന്‍, പദ്മശ്രീ മധു, ജഗതി ശ്രീകുമാര്‍ , ജഗദിഷ്,  അന്തരിച്ച നടന്‍ മുരളി, തിലകന്‍,നടി കെ പി എ  സി ലളിത, നെടുമുടി വേണു,സംവിധായകന്‍ ഐ വി ശശി, സത്യന്‍ അന്തിക്കാട്, രഞ്ജി പണിക്കര്‍, നടന്‍  ബാലചന്ദ്ര മേനോന്‍ . നടന്‍ സിദ്ധിഖ്, മുകേഷ് , ലാലു അലക്‌സ്, സീമ , ഷീല ,  പദ്മശ്രീ  സുകുമാരി, ശ്രീനിവാസന്‍ , സംവിധായകന്‍ ബ്ലെസ്സി, ശ്യാമ പ്രസാദ് , മനോജ്.കെ ജയന്‍, ദേവന്‍ , ലാല്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ  മലയാള വിഭാഗത്തിന്റെ കലാ സാംസ്‌കാരിക അവാര്‍ഡ് സ്വീകരിച്ചവര്‍. ഒമാന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ രജിസ്‌ട്രേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന ഒമാനിലെ അംഗീകൃത മലയാളി  കലാ സാംസ്‌കാരിക സംഘടനയാണ് മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്  മലയാള വിഭാഗം.

ഒമാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു

സെപ്റ്റംബര്‍ 23ന് വെള്ളിയാഴ്ച  വൈകിട്ട് ആറു മണി മുതല്‍ക്കാണ്  ആഘോഷ പരിപാടികള്‍ ആരംഭിക്കുക. ശനിയാഴ്ച സെപ്തംബര്‍ 24ന് ക്ഷണിക്കപ്പെട്ട രണ്ടായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയും ഈ വര്‍ഷം മലയാള വിഭാഗം ഒരുക്കിയിട്ടുണ്ട്. വള്ളുവനാടന്‍ സദ്യക്ക് പേരുകേട്ട പാചക വിദഗ്ദ്ധന്‍ പുത്തന്‍ വീട്ടില്‍ സുധീര്‍, സുരേന്ദ്രന്‍ എന്നിവര്‍  നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കുന്നത്.
പ്രശസ്ത പുല്ലാംകുഴല്‍ വിദഗ്ധന്‍ ശ്രീ രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍,മേളം മസ്‌കറ്റ് അവതരിപ്പിക്കുന്ന ചെണ്ട മേളം, മലയാള വിഭാഗം  അംഗങ്ങള്‍ അവതരിപ്പിക്കുന്ന നൃത്യനൃത്തങ്ങള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. രണ്ടു വര്‍ഷത്തിനു ശേഷം മലയാള വിഭാഗം വിപുലമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ചടങ്ങിലേക്കും ഓണാഘോഷ പരിപാടിയിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ പി ശ്രീകുമാര്‍, കോകണ്‍വീനര്‍  ലേഖ വിനോദ്, ട്രഷറര്‍  അജിത്കുമാര്‍ മേനോന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

click me!