പ്രവാസത്തിന്റെ വേദനകളും അമ്മയുടെ സ്‍നേഹവും പ്രമേയമാക്കിയ സംഗീത ആൽബത്തിന് മികച്ച പ്രതികരണം

By Web TeamFirst Published Jan 25, 2023, 11:31 PM IST
Highlights

പ്രവാസത്തിന്റെ വേദനകളും അമ്മയെ വേർപിരിഞ്ഞ മകന്റെ നൊമ്പരവുമാണ് എ ജേണി ഓഫ് എ റീകോൾഡ് മാൻ. കണ്ട് പരിചയിച്ച കഥാപശ്ചാത്തലമാണെങ്കിലും ആൽബത്തിന്റെ നിര്‍മാണ മികവും മനോഹരമായ ഗാനവും അതിനെ വേറിട്ടതാക്കുന്നു. 

ദുബൈ: അമ്മയുടെ സ്നേഹവാത്സല്യവും പ്രവാസവും പ്രമേയമാക്കിയ സംഗീത ആൽബത്തിന് മികച്ച പ്രതികരണം. എ ജേണി ഓഫ് എ റികോൾഡ് മാൻ എന്ന പേരിലെടുത്ത ആൽബം നി‍ർമിച്ചിരിക്കുന്നത് നിക്കോൺ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക ആണ്. മാധ്യമ പ്രവർത്തകൻ കമാൽ കാസിമാണ് പ്രധാന വേഷത്തിൽ.  

പ്രവാസത്തിന്റെ വേദനകളും അമ്മയെ വേർപിരിഞ്ഞ മകന്റെ നൊമ്പരവുമാണ് എ ജേണി ഓഫ് എ റീകോൾഡ് മാൻ. കണ്ട് പരിചയിച്ച കഥാപശ്ചാത്തലമാണെങ്കിലും ആൽബത്തിന്റെ നിര്‍മാണ മികവും മനോഹരമായ ഗാനവും അതിനെ വേറിട്ടതാക്കുന്നു. അമ്മമാർക്കുള്ള സ്നേഹാദരമായാണ് സംഗീത ശിൽപമെന്ന് അണിയറ പ്രവ‍ർത്തക‍ർ പറഞ്ഞു. കഴിഞ്ഞ ദിവസം ദുബായിയിൽ നിറഞ്ഞസദസിന് മുന്നിലാണ് ആൽബം പുറത്തിറക്കിയത്.

അമ്മയുടെ സ്നേഹതണലിൽ നിന്ന് പ്രവാസത്തെത്തിയ മകനായി, കമാൽ കാസിം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്വന്തം അമ്മയുടെ വിയോഗത്തിന് പിന്നാലെ അഭിനയിക്കേണ്ടി വന്നതിനാല്‍ ആ വേദന പൂര്‍ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് കമാല്‍ കാസിം പറയുന്നു. ഒ.എസ്.എ. റഷീദിന്റെ മനോഹരമായ വരികളും​ ഖാലിദിന്റെ ആലാപനവുമാണ് ആൽബത്തിന്റെ ജീവൻ. പാട്ടിനായി തെരഞ്ഞെടുത്ത വിഷയമാണ് ഏറെ ആകർഷിച്ചതെന്ന് സംവിധായകൻ സുൽത്താൻ ഖാൻ. 

ഒരുപാടുതവണ കണ്ട് പരിചയിച്ച കഥാതന്തു ഏങ്ങനെ വേറിട്ടതാക്കാമെന്ന ചിന്തയാണ് ആൽബമൊരുക്കാനുള്ള തീരുമാനത്തിന് പിന്നിൽ. കഥയൊരുക്കിയതും ഛായാ​ഗ്രഹണവും സുൽത്താൻ ഖാൻ തന്നെയായിരുന്നു. പൂര്‍ണമായും സ്വാഭാവിക വെളിച്ചത്തിലായിരുന്നു ചിത്രീകരണം. ദുബായിയിലെ അറിയപ്പെടുന്ന ഫോട്ടോ ജേ‍ർണലിസ്റ്റായ കമാൽ കാസിം ക്യാമറയ്ക്ക് മുന്നിലെത്തിയത് യാദൃശ്ചികമായാണ്. എങ്കിലും അഭിനയലോകത്ത് ഇതാദ്യമല്ല.

തസ്നിം കാസിം ആണ് അമ്മയുടെ വേഷത്തിലെത്തിയത്. ദുബായിലും ഷൗക്ക ഡാമിന്റെ പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. നിക്കോണ്‍ ലിമിറ്റഡാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെ പുനസമാഗമത്തിലാണ് എട്ട് മിനിട്ടുള്ള ആൽബം പൂര്‍ണമാകുന്നത്.

Read also:  കേട്ടും സ്‍പര്‍ശിച്ചും അറിഞ്ഞ ലോകം; അകക്കണ്ണില്‍ പതിഞ്ഞ അനുഭവങ്ങള്‍ പുസ്‍തകത്തിലേക്ക് പകര്‍ത്തി ഇന്ദുലേഖ

click me!