Saudi Covid Report : സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു

By Web TeamFirst Published Jan 12, 2022, 11:14 PM IST
Highlights

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.01 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി കൊവിഡ് (covid)ബാധിക്കുന്നവരുടെ എണ്ണം അയ്യായിരം കടന്നു. 24 മണിക്കൂറിനിടെ 5,362 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 2,499 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലമുള്ള രണ്ട് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 5,93,545 ആയി. അതില്‍ 5,52,057 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 8,899 ആയി. നിലവില്‍ 32,589 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 218 പേരുടെ നില ഗുരുതരമാണ്.

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.01 ശതമാനവും മരണനിരക്ക് 1.49 ശതമാനവുമാണ്. പുതുതായി റിയാദില്‍ 1,492 ഉം ജിദ്ദയില്‍ 961 ഉം മക്കയില്‍ 436 ഉം മദീനയില്‍ 273 ഉം ദമ്മാമില്‍ 165 ഉം ത്വാഇഫില്‍ 141 ഉം ഹുഫൂഫില്‍ 127 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,31,52,353 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,51,55,286 ആദ്യ ഡോസും 2,33,96,052 രണ്ടാം ഡോസും 46,01,015 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദിയില്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍ പിഴ

റിയാദ്: രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെങ്കില്‍(health card) 2000 റിയാല്‍ (ഏകദേശം 40,000 രൂപ) പിഴ (fine) ചുമത്തുമെന്ന് സൗദി (Saudi)  നഗര, ഗ്രാമകാര്യ, ഭവന മന്ത്രാലയം. ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും ജോലി ചെയ്യാന്‍ യോഗ്യനാണെന്നും തെളിയിക്കുന്ന കാര്‍ഡാണിത്. ബലദിയ കാര്‍ഡ് എന്നും അറിയപ്പെടുന്ന ഇത് ക്ലിനിക്കുകളിലെ മെഡിക്കല്‍ ലാബ് പരിശോധനക്ക് ശേഷം രോഗിയല്ലെന്ന് ഉറപ്പാക്കി നഗര സഭയാണ് നല്‍കുന്നത്. 

ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഭക്ഷണശാലകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍, പാചകക്കാര്‍, ഗാര്‍ഹിക ജോലിക്കാര്‍ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ബലദിയ കാര്‍ഡ് നിര്‍ബന്ധമാണ്. ഈ കാര്‍ഡ് ഇല്ലാതെ ജീവനക്കാര്‍ ജോലിയില്‍ തുടര്‍ന്നാല്‍ അതത് സ്ഥാപനമുടകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാകും. ഒരു തൊഴിലാളിക്ക് 2000 റിയാല്‍ എന്ന തോതിലാണ് പിഴ. കാര്‍ഷില്ലാത്ത തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിക്കും. 

click me!