
മസ്‌കറ്റ്: കഴിഞ്ഞ ശനിയാഴ്ച മസ്‌ക്റ്റിലെ ഒരു സ്വകാര്യ റെസ്റ്റോറന്റില്‍ വെച്ച് പുറത്താക്കപ്പെട്ട മുന്‍ ഒമാന്‍ ഒഐസിസി(Oman OICC) പ്രസിഡന്റ് സിദ്ധിക്ക് ഹസ്സന്‍ നടത്തിയ പത്രസമ്മേളനമാണ് പിന്നെയും ഒമാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായത്. കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് സിദ്ധിക്ക് ഹസ്സന്‍ പത്ര സമ്മേളനം നടത്തിയതെന്നാണ് പുതിയതായി നിയമിതമായ ആഡ്ഹോക്ക് സമിതിയുടെ ആരോപണം.
ഒമാന്‍ ഒഐസിസി പിരിച്ചുവിട്ട നടപടിയെ വാര്‍ത്താസമ്മേളനം നടത്തി നേതൃത്വത്തെ ചോദ്യം ചെയ്ത മുന്‍ ഓ ഐ സി സി പ്രസിഡന്റ് സിദ്ധിക്ക് ഹസ്സന്റെ നടപടി അച്ചടക്ക ലംഘനമാണെന്നാണ് പുതിയ ആഡ്ഹോക്ക് സമിതിയുടെ വിലയിരുത്തല്‍. ഒപ്പം കെപിസിസി പുതിയതായി ചുമതലപ്പെടുത്തിയ ആഡ്‌ഹോക്ക് സമിതിയെ വിമര്‍ശിക്കുക കൂടി ചെയ്തത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഒമാന്‍ ഒഐസിസി ആഡ്ഹോക്ക് കമ്മറ്റി കോ കോര്‍ഡിനേറ്റര്‍ സജി ഔസപ്പ് അല്‍ ഫെലാജ് ഹോട്ടലില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2011 മുതല്‍ ഒമാന്‍ ഒഐസിസിയുടെ പ്രസിഡന്റ് സ്ഥാനം തുടര്‍ന്ന് പോന്നിരുന്ന സിദ്ധിക്ക് ഹസ്സന്‍, കഴിഞ്ഞ 11 വര്‍ഷമായി പുതിയ അംഗങ്ങളെ ചേര്‍ക്കുകയോ കമ്മിറ്റികള്‍ രൂപീകരിക്കുകയോ ചെയ്യാതെ തന്നിഷ്ട മനോഭാവത്തോടെയാണ് പ്രവര്‍ത്തനം നടത്തിയതെന്നും കോ കോര്‍ഡിനേറ്റര്‍ ഔസപ്പ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുയര്‍ത്തുകയുണ്ടായി. ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളേയെ വ്യക്തിപരമായും, കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ ടി യു രാധാകൃഷ്ണന്റെ കത്തിനെയും വാര്‍ത്താസമ്മേളനത്തില്‍ ആക്ഷേപിച്ചത് ഒട്ടുശരിയായ നടപടിയല്ലെന്നും ആഡ്‌ഹോക്ക് സമതി അംഗം നിയാസ് ചെണ്ടയാട് പറഞ്ഞു.
ഈ വിഷയത്തിന്റെയും പത്രസമ്മേളനത്തിന്റെയും വിശദമായ റിപ്പോര്‍ട്ട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയാസ് ചെണ്ടയാട് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റ ശേഷം പാര്‍ട്ടിക്കും, പ്രവാസി പ്രവര്‍ത്തകര്‍ക്കും ആത്മബലവും ഊര്‍ജവും ലഭിച്ചിട്ടുണ്ട്. വിദേശസംഘടനയായ ഒഐസിസി എല്ലാ രാജ്യങ്ങളിലെയും നിയമങ്ങളെ മാനിച്ചു കൊണ്ടു കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ശക്തമായ സാമൂഹ്യ പ്രവര്‍ത്തനം കാഴ്ച്ചവെക്കാനാണ് കെ സുധാകരന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെപിസിസി നേതൃത്വം ഒമാനിലേക്ക് ഒരു അഡ്‌ഹോക്ക് നിയമിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തെയും ഉള്‍കൊള്ളിച്ച് കൊണ്ടുമാത്രമാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളതും.
ഒമാനിലെ നിര്‍ജീവമായി തുടരുന്ന റീജിയണല്‍, യൂണിറ്റ് കമ്മിറ്റികള്‍ സജീവമാക്കുക, പൊതുമണ്ഡലത്തില്‍ മറ്റു സംഘടനകളുമായി ചേര്‍ന്ന് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, പലകാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടകോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഒരു കുടകീഴില്‍ ചേര്‍ത്ത് നിര്‍ത്തുക, ഇപ്പോള്‍ എതിര്‍ത്തു നില്‍ക്കുന്നവരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തത്തട്ടുക എന്നിവയാണ് കെപിസിസി യില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ അതിനു ഘടക വിരുദ്ധമായി പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കെപിസിസി ശക്തമായ നടപടിഎടുക്കുമെന്നും അഡ്‌ഹോക്ക് കമ്മിറ്റി കോ കോര്‍ഡിനേറ്റര്‍ സജി ഔസപ്പ് അറിയിച്ചു. മറ്റ് ആഡ് ഹോക്ക് കമ്മിറ്റി അംഗങ്ങളായ എസ് പുരുഷോത്തമന്‍ നായര്‍, ബിന്ദു പാലക്കല്‍, എംജെ സലിം. ബിനേഷ് മുരളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam